SignIn
Kerala Kaumudi Online
Friday, 02 October 2026 2.59 AM IST

ശബരിമല യുവതീപ്രവേശനം : ബെഞ്ചിലെ വനിതാ ജഡ്‌ജി വിധി എഴുതിത്തുടങ്ങി

READ ENGLISH VERSION
aa

#ഒൻപതംഗ ബെഞ്ചിന്റെ വിധി
പ്രസ്താവം ഈ മാസം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഈ മാസം വിധി പറഞ്ഞേക്കും. ഏക വനിതാ ജഡ്‌ജി ബി.വി. നാഗരത്ന വിധിയെഴുതി തുടങ്ങിയെന്നാണ് സൂചന. 10നും 50നുമിടയ്‌ക്കു പ്രായമുള്ള യഥാർത്ഥ സ്ത്രീ ഭക്തർ ശബരിമലയിൽ പോകില്ലെന്നും വീട്ടിലിരിക്കുമെന്നും വാദം കേൾക്കവേ ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചിരുന്നു. മറ്റു ജഡ്ജിമാർ സ്വന്തം നിലയിലോ കൂട്ടായോ വിധി എഴുതിയേക്കാം. ഭൂരിപക്ഷ വിധിയാവും പ്രാബല്യത്തിൽ വരുക.

2018ൽ അഞ്ചംഗ ബെ‍‍ഞ്ചിലെ നാലു ജഡ്‌ജിമാർ യുവതീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിത ജ‌ഡ്‌ജിയായിരുന്ന ഇന്ദു മൽഹോത്ര എതിർത്തിരുന്നു.

മതസ്വാതന്ത്ര്യം,അവകാശം,വിശ്വാസം,ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴു പരിഗണനാവിഷയങ്ങളിൽ 16 ദിവസം വാദം കേട്ട ശേഷം മേയ് 14നാണ് വിധി പറയാൻ മാറ്റിയത്. ദാവൂദി ബോറ സമുദായത്തിലെ ചേലാക‌ർമ്മം,​സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയെ അവരുടെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തത് തുടങ്ങിയവ ചോദ്യം ചെയ്‌ത ഹർജികളിലും വാദം കേട്ടിരുന്നു.

ജസ്റ്റിസ് നാഗരത്നയുടെ

നിരീക്ഷണങ്ങൾ

1.ആർത്തവം വിലക്കാണോ അല്ലയോ എന്നത് ഭക്തന്റെ കാഴ്ചപ്പാടിലൂടെയാണ് നോക്കികാണേണ്ടത്

2.ബിന്ദു അമ്മിണിയും കനക ദുർഗയും അയ്യപ്പ ഭക്തരാണോ?

3.അവിശ്വാസിക്കും ഭക്തനല്ലാത്ത വ്യക്തിക്കും മതപരമായ വിഷയങ്ങളിൽ ഒന്നും ചെയ്യാനില്ല

4.യുവതീപ്രവേശന വിലക്കിനെ പാരമ്പര്യമെന്ന നിലയിലാണ് അയ്യപ്പ ഭക്തൻ കാണുന്നത്

5.സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ മതസ്വാതന്ത്ര്യം ലംഘിക്കാൻ കഴിയില്ല

9 അംഗ ബെഞ്ച് വിധി

പറയുന്ന വിഷയങ്ങൾ

1.ഭരണഘടനയുടെ അനുച്ഛേദം 25ലെ മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ വ്യാപ്തിയും പരിധിയും
2.അനുച്ഛേദം 25ൽ പറയുന്ന വ്യക്തിയവകാശങ്ങളും, അനുച്ഛേദം 26ൽ പറയുന്ന പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശവും തമ്മിലുള്ള പരസ്‌പര ബന്ധം?
3.മതത്തിലെ പ്രത്യേക വിശ്വാസ സമൂഹങ്ങളുടെ അവകാശങ്ങൾ, സമത്വം അടക്കം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ പാർട്ട് മൂന്നിന് വിധേയമാണോ ?
4.അനുച്ഛേദം 25ഉം, 26ഉം പ്രകാരം ധാർമികത എന്ന വാക്കിന്റെ പരിധി. അതിൽ ഭരണഘടനാ ധാർമികത ഉൾപ്പെടുമോ?
5.മതാചാരങ്ങൾ എത്രത്തോളം ജുഡിഷ്യൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ സാധിക്കും?
6.അനുച്ഛേദം 25(2) ബിയിൽ പറയുന്ന ഹിന്ദുമതത്തിലെ വിഭാഗങ്ങൾ എന്നതിന്റെ അർത്ഥമെന്ത് ?
7.മറ്റു വിശ്വാസ സമൂഹത്തിലുള്ളവർക്ക് അവരുടേതല്ലാത്ത വിശ്വാസ സമൂഹങ്ങളുടെ ആചാരത്തെ പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA