SignIn
Kerala Kaumudi Online
Saturday, 29 August 2026 12.52 AM IST

ശബരിമലയിൽ ഭക്ഷ്യ സുരക്ഷാ ഓഡിറ്റിന് ഉത്തരവ്

sabarimala

കൊച്ചി: ശബരിമലയിൽ ഭക്ഷ്യസുരക്ഷാ ഓഡിറ്റ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനികളുടെ സാന്നിദ്ധ്യം പരിധിയിൽ കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിതെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അരവണ നിർമ്മാണത്തിനുള്ള ഏലക്കയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ്. പ്രകാശ് നൽകിയ ഹർജിയിൽ, ഏലക്കയിൽ സുരക്ഷിതമല്ലാത്ത അളവിൽ കീടനാശിനി അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ ഏലക്ക ഒഴിവാക്കി അരവണ നിർമ്മിച്ച് വിതരണം ചെയ്യാൻ ഉത്തരവും നൽകി. ഇതേത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് സുരക്ഷാ ഓഡിറ്റ് നിർദ്ദേശിച്ചത്. ദേവസ്വം കമ്മിഷണർ, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി തുടങ്ങിയവരെ ഹർജിയിൽ കക്ഷി ചേർക്കാനും നിർദ്ദേശിച്ചു.

പമ്പയിൽ നിലവിലുള്ള ലാബിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമനുസരിച്ചുള്ള പരിശോധനകൾ നടത്താൻ മതിയായ സൗകര്യമില്ലെന്ന് ബോദ്ധ്യപ്പെട്ടെന്ന് ഹർജി പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അരവണ നിർമ്മാണത്തിനുള്ള ഏലക്കയടക്കമുള്ളവ പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് വാങ്ങാൻ ഓർഡർ നൽകിയത്. തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പിന്നീട് ഏലക്ക പരിശോധിച്ചപ്പോൾ സുരക്ഷിതമല്ലാത്ത അളവിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി. പമ്പ, തിരുവനന്തപുരം ലാബുകളിലെ പരിശോധനാ റിപ്പോർട്ടുകൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും കോടതി വിലയിരുത്തി. ഹർജികൾ 24ന് പരിഗണിക്കാൻ മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD SAFETY AT SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA