കോഴിക്കോട്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശവും ഓഹരിയും വ്യാജരേഖകളിലൂടെ കൈക്കലാക്കിയെന്നാരോപിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി. സ്ഥാപനത്തിന്റെ മുൻ ഉടമ കാസർകോട് സ്വദേശി അദീഷ് ദാമോദരനാണ് പരാതിക്കാരൻ.
2022ൽ സ്ഥാപനത്തിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾ നിഖിലിന്റെ സോളോസ് കമ്പനി ഏറ്റെടുത്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായതെന്ന് പറയുന്നു. നിഖിലിന്റെ ഭാര്യ സ്ഥാപനത്തിലെ ഓഹരി ഉടമയായെന്നും വ്യാജരേഖകൾ ഉപയോഗിച്ച് തന്നെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയെന്നും ഓഹരികൾ കൈക്കലാക്കിയെന്നുമാണ് പരാതി. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശരേഖകളിലും ഓഹരി കൈമാറ്റത്തിലും ക്രമക്കേടുണ്ടെന്ന് പറയുന്നു. ഇടപാടുകൾക്ക് പിന്നിലെ സാമ്പത്തിക ഉറവിടങ്ങളും രേഖകൾ തയ്യാറാക്കിയതും വിശദമായി പരിശോധിക്കണമെന്നാണ് ആവശ്യം.
പരാതിക്ക് പിന്നാലെ നിഖിൽ ഭീഷണിപ്പെടുത്തിയതായും അദീഷ് പറയുന്നു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്തും പരാതിപ്പെട്ടെങ്കിലും അന്വേഷണമുണ്ടായില്ല.
ഡയറക്ടർ സ്ഥാനത്തുനിന്ന് താനറിയാതെ പുറത്താക്കിയതിലും ഓഹരി കൈമാറ്റത്തിലുമുണ്ടായ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും വ്യാജരേഖ നിർമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലുള്ളത്. 2025ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിരുന്നു.
അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് പി. നിഖിലിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ആരോപണങ്ങളിൽ നിഖിൽ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |