
പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത് 'വടകര സ്ക്വാഡ് ' ഗ്രൂപ്പിൽ
വടകര: ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഡി.വൈ.എഫ്.ഐ വടകര ബ്ളോക്ക് കമ്മിറ്റിയംഗവും സി.പി.എം തുരുത്തി ലോക്കൽ കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കരനെ ശനിയാഴ്ച ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. സംഭവത്തിൽ ശാസ്ത്രീയ തെളിവിനായി സംഘം മെറ്റയ്ക്ക് അപേക്ഷ നൽകി.
ജിതിന്റെ മൊബൈൽ ഫോൺ ശാസ്‌ത്രീയ പരിശോധനക്കയച്ചു. ജിതിൻ ഭാസ്കർ അഡ്മിനായ 'വടകര സ്ക്വാഡ്' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപെട്ടത്. ജിതിൻ ഉൾപ്പെടെ പത്ത് ഇടത് പ്രവർത്തകരാണ് ഇതിന്റെ അഡ്മിൻസ്. റെഡ് എൻകൗണ്ടർ, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും പോസ്റ്റ് പ്രചരിച്ചിരുന്നു.
തിരുവള്ളൂർ കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്നാണ് പ്രാഥമിക വിവരം. ഡി.വൈ.എഫ്.ഐ ബ്‌ളോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനിലാണ് നേരത്തേ അന്വേഷണം അവസാനിച്ചത്. റിബേഷിന് സ്ക്രീൻ ഷോട്ട് ലഭിച്ചത് ജിതിൻ ഭാസ്കറിലൂടെയെന്നാണ് സംശയം. ജിതിൻ ഭാസ്ക്കറിനെ എസ്.ഐ.ടി ചോദ്യം ചെയ്ത് വിട്ടെങ്കിലും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്താണ് കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും എതിർ സ്ഥാനാർത്ഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ പ്രൊഫൈൽ ചേർത്തായിരുന്നു പോസ്റ്റ്. മുഹമ്മദ് കാസിം തന്റെ ഫോൺ പൊലീസിൽ ഏൽപ്പിച്ച് അന്വേഷണം ആവശ്യപ്പെട്ടു. ഇതോടെ എൽ.ഡി.എഫ് പ്രതിരോധത്തിലായി. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് പോസ്റ്റ് ഫോർവേർഡ് ചെയ്യപ്പെട്ടതെന്ന് എസ്.ഐ.ടി കണ്ടെത്തി. സംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്നാണ് എസ്.ഐ.ടി നിഗമനം. നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ മുഴുവൻ എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്യും. സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് ഡിവെെ.എസ്.പി ടി.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |