
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്" സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക
തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം നൽകിയത്. സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ പങ്കാളികളായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ. വിശ്വാസവഞ്ചനയും ഗൂഢാലോചനാ കുറ്രവുമടക്കം ചുമത്തിയാണ് അന്തിമറിപ്പോർട്ട്.
2024ൽ പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്‌സിന്റെ "നിർമ്മാണ പങ്കാളിത്തവും ലാഭത്തിന്റെ 40 ശതമാനവും നൽകാമെന്ന് വിശ്വസിപ്പിച്ച് ഏഴുകോടിരൂപ കൈപ്പറ്റിയശേഷം വഞ്ചിച്ചുവെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. മരട് പൊലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു.
ഇരുപതുകോടിയിൽത്താഴെ മുതൽമുടക്കിയ സിനിമയിൽനിന്ന് അണിയറക്കാർ 286 കോടിരൂപ നേടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തതിന്റെ പണം മാത്രമാണ് വിതരണ കമ്പനിയായ ബിഗ് ഡ്രീംസിലൂടെ സമാഹരിച്ചിട്ടുള്ളത്. ബാക്കിതുക പ്രതികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയായിരുന്നു. പണംകൈമാറ്റത്തിനും എഗ്രിമെന്റിനും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനിൽനിന്ന് അമിതപലിശയ്ക്ക് പണംവാങ്ങിയെന്ന് അവകാശപ്പെട്ടതിലും ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |