
കൊച്ചി: ഓട്ടിസം,സെറിബ്രൽ പാൾസി,മെന്റൽ റിട്ടാർഡേഷൻ,മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമത്തിനായുള്ള നാഷണൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ ഡൗൺ സിൻഡ്രോമും ഉൾപ്പെടുമെന്ന് ഹൈക്കോടതി. ഈ നിയമപ്രകാരം,ഡൗൺ സിൻഡ്രോമുള്ള മകളുടെ നിയമപരമായ രക്ഷാകർത്താവായി പരിഗണിക്കണമെന്ന ആവശ്യം കോട്ടയം ജില്ലാ കളക്ടർ നിരസിച്ചതിനെതിരെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്.
ഹർജിക്കാരന്റെ ഭാര്യ ഇവരുടെ മകളുമായി വീടുവിട്ടു പോയതോടെയാണ് അപേക്ഷ നൽകിയത്. നിയമത്തിന്റെ പരിധിയിൽ ഡൗൺ സിൻഡ്രോം വരില്ലെന്ന കാരണം പറഞ്ഞ് കളക്ടർ അപേക്ഷ തള്ളി.
കേന്ദ്രസർക്കാരിന്റെ 2018ലെ മാർഗരേഖ അനുസരിച്ച് ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള വൈകല്യങ്ങൾ വിലയിരുത്താനുള്ള മാനദണ്ഡങ്ങളിലൊന്ന് ബൗദ്ധിക വെല്ലുവിളിയാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരന്റെ മകൾക്ക് ഡൗൺ സിൻഡ്രോം കാരണം 55ശതമാനം ബൗദ്ധിക വെല്ലുവിളിയുണ്ടെന്ന് കോട്ടയം ഗവ. ആശുപത്രിയിലെ ഡിസെബിലിറ്റി അസസ്‌മെന്റ് ബോർഡ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കക്ഷികളുടെ വാദം കേൾക്കുക പോലും ചെയ്യാതെ കളക്ടർ അപേക്ഷ തള്ളിയത് തെറ്റാണെന്നുപറഞ്ഞ കോടതി, അപേക്ഷ പുനപ്പരിശോധിച്ച് മൂന്നു മാസത്തിനകം തീരുമാനമെടുക്കാനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |