SignIn
Kerala Kaumudi Online
Saturday, 06 June 2026 3.06 AM IST

കർക്കടകവാവ്: ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി മുരളീധരൻ

ss

തിരുവനന്തപുരം: കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ആഗസ്റ്റ് 12നാണ് കർക്കടകവാവ്.

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം, വർക്കല പാപനാശം, അരുവിക്കര, കൊല്ലം ജില്ലയിലെ തിരുമുല്ലവാരം, എറണാകുളം ജില്ലയിലെ ആലുവ മണപ്പുറം എന്നിവിടങ്ങളിലാണ് വലിയ തിരക്ക് പ്രതീക്ഷിക്കുന്നത്. തിരുവല്ലം ക്ഷേത്രവുമായി ബന്ധപ്പെട്ട് നദികളുടെ ഒഴുക്ക്, മലിനീകരണം, മറ്റ് ഡ്രെയിനേജ് പ്രശ്നങ്ങൾ എന്നിവ പ്രത്യേകമായി പരിഹരിക്കാനും ഇതിനായി ഏറ്റെടുത്ത പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും ജലസേചന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി.

മാലിന്യ നിർമ്മാർജ്ജനത്തിനായി പദ്ധതി തയ്യാറാക്കാനും വകുപ്പുകളോട് നിർദ്ദേശിച്ചു. ഭക്തരെ ചൂഷണം ചെയ്യുന്ന യാതൊരു പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും ഓൺലൈൻ ബുക്കിംഗ്, പേയ്‌മെന്റ് സംവിധാനങ്ങൾ പരമാവധി വ്യാപകമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കുടിവെള്ള വിതരണം, റോഡുകളുടെ അറ്റകുറ്റപ്പണി, ബയോ ടോയ്ലെറ്റുകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒരുക്കും. പൊലീസ് ഹെൽപ്പ് ഡെസ്‌ക്കുകളും പൊലീസ് പോസ്റ്റുകളും സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കൽ സംഘങ്ങളെയും ആംബുലൻസ് സേവനങ്ങളെയും വിന്യസിക്കും. ഫയർഫോഴ്സും സിവിൽ ഡിഫൻസ് സംഘങ്ങളും സജ്ജമാകും. ഭക്ഷ്യസുരക്ഷാ വകുപ്പ് ഭക്ഷ്യ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കും.

ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ പ്രത്യേകമായി വകുപ്പുകളുടെ യോഗം വിളിക്കും. ജൂലായ് രണ്ടാം വാരത്തിൽ വീണ്ടും യോഗം ചേരും. രാജീവ് ചന്ദ്രശേഖർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, വകുപ്പ് സെക്രട്ടറി കെ.രാജമാണിക്യം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA