
കൊച്ചി: ഐ.ടി പ്രൊഫഷണൽ നേതൃത്വം നൽകുന്ന രാസലഹരിവിതരണ സംഘത്തിലെ യുവതിഉൾപ്പെട്ട മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. പ്രതികളിൽ രണ്ടുപേർ വിമാനത്താവള ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞു.
തൃശൂർ അവനിശേരി ഒല്ലൂർ തട്ടിൽ ഈയു വീട്ടിൽ ലാറി ജോൺ തട്ടിൽ (36), മുകുന്ദപുരം മനവലശേരി ഈസ്റ്റ് കോമ്പാറ പുതുക്കാടൻവീട്ടിൽ ഐവിൻ പി. വിൻസെന്റ് (26), കടമക്കുടി കോരാൻപാടം കൂളിയത്ത് വീട്ടിൽ നിഖിൽ പീറ്റർ (31)
എന്നിവരാണ് ചേരാനല്ലൂർ ഭാഗത്തെ അപ്പാർട്ട്മെന്റിൽനിന്ന്
എറണാകുളം എക്സൈസിന്റെ പിടിയിലായത്. നെടുമ്പാശേരി വിമാനത്താവള ജീവനക്കാരിയായ ഐവിനും ഡെൽഹി വിമാനത്താവളത്തിൽ ജീവനക്കാരനായ നിഖിലും മുഹമ്മദ് നിയാസും ചേർന്നാണ് വിതരണം.
പ്രതികൾക്ക് ഒപ്പമുണ്ടായിരുന്ന മുഹമ്മദ് നിയാസ് എക്സൈസിനെ വെട്ടിച്ച് കടന്നു. ഇയാൾ നാലാംപ്രതിയാണ്. 3.30 ലക്ഷം രൂപ വിലമതിക്കുന്ന 110.73 ഗ്രാം എം.ഡി.എം.എ, രാസലഹരി വിതരണത്തിലൂടെ കിട്ടിയ 1.85 ലക്ഷം രൂപ, ലഹരികടത്തിന് ഉപയോഗിച്ച ഹോണ്ടസിറ്റി കാർ എന്നിവ പിടിച്ചെടുത്തു.
ഇൻഫോപാർക്ക് മുൻ ജീവനക്കാരനും ഐ.ടി പ്രൊഫഷണലുമായ ലാറി ജോണിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നിന്നാണ് രാസലഹരി കടത്തുന്നത്.
ചേരാനല്ലൂർ ആനയോട്ടിക്കാവ് അമൃതനഗറിലെ 88 സ്റ്റേ ഇൻ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഒന്നാംനിലയിൽ പ്രതികൾ തങ്ങിയ അപ്പാർട്ട്മെന്റിൽ ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ലഹരി ഇടപാടിനെ തുടർന്ന് ഐവിനെ ഇൻഫോപാർക്കിൽനിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ബംഗളൂരു കേന്ദ്രമാക്കിയാണ് പ്രവർത്തനം. ഐവിനും നിഖിലും വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് സ്റ്റാഫുകളായി ജോലിചെയ്യുകയാണ്. സംഘം രണ്ട് കൊല്ലമായി ലഹരി വിതരണം നടത്തിവരികയാണെന്നാണ് സൂചന.
എക്സൈസ് ഇൻസ്പെക്ടർ അഭിരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാർ വി.ബി റസീന, അമൽദേവ്, പത്മഗിരീശൻ, അഷ്കർ സാബു, വിഷ്ണുകുമാർ എന്നിവരും അന്വഷണ സംഘത്തിൽപ്പെടുന്നു. പ്രതികളെ ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |