SignIn
Kerala Kaumudi Online
Saturday, 13 June 2026 2.14 AM IST

സംരംഭകർക്ക് അവകാശങ്ങൾ ഉറപ്പാക്കും, ഉദ്യോഗസ്ഥരുടെ തന്നിഷ്ടം നടക്കില്ല 

READ ENGLISH VERSION
up

തിരുവനന്തപുരം: സംരംഭങ്ങൾക്ക് അനുമതിക്കായുള്ള കാത്തിരിപ്പും ഉദ്യോഗസ്ഥരുടെ കാലുപിടിക്കേണ്ടിവരുന്നതും ഒഴിവാക്കാൻ പുതിയ നിയമം വരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് നീക്കം. അനുമതി നൽകുന്നതും നിരാകരിക്കുന്നതും കാര്യകാരണ സഹിതം സംരംഭകനെ രേഖാമൂലം നിശ്ചിത സമയത്തിനുള്ളിൽ അറിയിച്ചിരിക്കണം. വില്ലേജ് ഓഫീസ് മുതൽ റവന്യൂ ഓഫീസുകൾക്കും പഞ്ചായത്തു മുതലുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനായി വ്യവസായ വകുപ്പ് തയ്യാറാക്കിയ 'കേരള നിക്ഷേപ സംരക്ഷണവും പ്രോത്സാഹനവും നിയമം 2026' ന്റെ കരട് സർക്കാരിന്റെ പരിഗണനയിലാണ്.

നിലവിലെ നിയമങ്ങളുമായി ഏകോപിപ്പിച്ച് ഏകജാലക സംവിധാനം ശക്തിപ്പെടുത്തും. നിക്ഷേപകരെയും സംരംഭങ്ങളെയും അനാവശ്യ ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും വനിതാ സംരംഭങ്ങൾക്കും പ്രോത്സാഹനം ഉറപ്പാക്കും. തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം, പരിസ്ഥിതി സംരക്ഷണം, പൊതു താൽപര്യസംരക്ഷണം, സംസ്ഥാനത്തിന് നിയമാനുസൃത മേൽനോട്ട അധികാരം എന്നിവയും വ്യവസ്ഥ ചെയ്യുന്നുണ്ട്.

അപേക്ഷകന്റെ അവകാശങ്ങൾ

1. ഉദ്യോഗസ്ഥർ നിശ്ചിത സമയപരിധിയിൽ തീരുമാനമെടുക്കണം

2.അപേക്ഷ നിരസിച്ചാൽ കാരണം രേഖാമൂലം വ്യക്തമാക്കണം

3.വിവേചനവും അനാവശ്യ ഇടപെടലുമില്ലാതെ അപേക്ഷ പരിഗണിക്കണം.

4.അപേക്ഷയ്ക്ക് ആവശ്യമായ നിബന്ധനകളും മറ്റ് വിവരങ്ങളും ലഭ്യമാക്കണം.

30 ദിവസത്തിനുള്ളിൽ

തീരുമാനം

#അപേക്ഷകൾ സ്വീകരിക്കുന്നതും പരിശോധിക്കുന്നതും അനുമതി നൽകുന്നതും കെ സ്വിഫ്റ്റ് എന്ന ഏകജാലക സംവിധാനത്തിലാണ്. ബന്ധപ്പെട്ട അധികാര സ്ഥാപനം അപേക്ഷ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. പ്രത്യേക വിഭാഗം അനുമതികൾക്ക് സർക്കാർ ചട്ടങ്ങളിലൂടെ അധിക സമയപരിധി നിശ്ചയിക്കാം. അധിക വിവരങ്ങൾ ആവശ്യമെങ്കിൽ എല്ലാ വിവരവും ഒരേ സമയം ആവശ്യപ്പെടണം.

 നിക്ഷേപ ഓംബുഡ്സ്മാൻ

നിക്ഷേപകരുടെയും സംരംഭകരുടെയും പരാതികൾ പരിഹരിക്കാനും സംസ്ഥാനത്തിന്റെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും കേരള നിക്ഷേപ ഓംബുഡ്സ്മാനെ നിയമിക്കും. ഭരണനിർവഹണം, നിയമം, ധനകാര്യം, വ്യവസായം എന്നിവയിൽ പരിചയ സമ്പന്നനായിരിക്കും. അഞ്ച് വർഷമാണ് കാലാവധി.

കേരളത്തിന് അപൂർവ ബഹുമതി

ഈ ബിൽ പാസായാൽ നിക്ഷേപ സൗകര്യങ്ങൾ, സമയബന്ധിത സേവനങ്ങൾ, നിയമപരമായ അവകാശങ്ങൾ, ഉത്തരവാദിത്ത സംവിധാനങ്ങൾ എന്നിവയെ ഒരൊറ്റ അവകാശാധിഷ്ഠിത നിയമത്തിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA