ന്യൂഡൽഹി: കേരളത്തിൽ തെരുവുനായയുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി കെ എം ഷാജി. തെരുവുനായ്‌ക്കളെ മനസിലാക്കാൻ നിർമിത ബുദ്ധിയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മാലിന്യസംസ്‌കരണത്തിനായി മാലിന്യ സംസ്‌കരണ അതോറിറ്റി രൂപീകരിക്കും. ദുർബല വിഭാഗങ്ങൾക്കുകിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും. മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധത്തിൽ മുനിസിപ്പൽ ബോണ്ടുൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി മാറ്റുന്നത് പരിഗണനയിലാണ്'-കെ എം ഷാജി വ്യക്തമാക്കി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ.ശേഷാദ്രിനാഥനെ നിയമിച്ചതിലും മന്ത്രി പ്രതികരിച്ചു. ശേഷാദ്രിനാഥനെ നിയമിച്ചുകഴിഞ്ഞു. ആ വിഷയം അവസാനിച്ചു. ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വർഗീയവാദിയാക്കുന്നത് അപകടകരമാണ്. അദ്ദേഹം ഒരു വക്കീലും ജഡ്‌ജിയുമായിരുന്നു. എല്ലാം പരിശോധിച്ചതിനുശേഷമാണ് നിയമനം നടന്നതെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |