
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ സീനിയർ റസിഡന്റിന് സസ്‌പെൻഷൻ. ഓർത്തോ യൂണിറ്റ് നാലിലെ സീനിയർ റസിഡന്റ് ഡോ. അഭിജിത്തിനെതിരെയാണ് നടപടി. മന്ത്രി കെ.മുരളീധരൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
പി.ജി പഠനത്തിന് ശേഷം മെഡിക്കൽ കോളേജുകളിൽ ഒരു വർഷത്തെ സേവനം നടത്തുന്നവരാണ് സീനിയർ റസിഡന്റുമാർ. ഡോ.അഭിജിത്തിന്റെ ഒരു വർഷ കാലാവധി അടുത്തയാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, ഓർത്തോ, സർജിക്കൽ വിഭാഗം മേധാവിമാർ എന്നിവരടങ്ങിയ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെന്ന നിലയിൽ അഭിജിത്ത് മുറിവ് പരിശോധിക്കാനോ ഡ്രസിംഗ് മാറ്റി ചെയ്യാനോ തയ്യാറായില്ലെന്നും ഇത് ഗുരുതരവീഴ്ചയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം 28നാണ് കൊല്ലം സ്വദേശി രാജേന്ദ്രപ്രസാദിനെ അപകടത്തിൽ ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാലിലെ പൊട്ടലിന് കമ്പിയിട്ടു. ഐ.സി.യുവിൽ നിന്ന് തിങ്കളാഴ്ച രാത്രി വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിക്കുന്നത് വീട്ടുകാർ കണ്ടത്.
താത്കാലിക ഡോക്ടറെ
ബലിയാടാക്കിയെന്ന് ആക്ഷേപം
സംഭവത്തിൽ ഓർത്തോ യൂണിറ്റിലെ സ്ഥിരം ഡോക്ടർമാർക്കെതിരെയോ നഴ്സുമാർക്കെതിരെയോ നടപടിയെടുക്കാതെ താത്കാലിക സീനിയർ റഡിഡന്റിനെ ബലിയാടാക്കിയെന്ന് ആക്ഷേപമുയർന്നു. സേവന കാലാവധി അവസാനിക്കാനിരിക്കെ ഡോ. അഭിജിത്തിനെതിരെ എടുത്ത നടപടിയിലും ഡോക്ടർമാർക്കിടയിൽ അമർഷമുണ്ട്. സ്ഥിരം ഡോക്ടർമാർക്കെതിരെ നടപടിയെടുത്താൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുമെന്നതിനാൽ സീനിയർ റസിഡന്റിനെ സസ്പെൻഡ് ചെയ്ത് വിവാദം ഒഴിവാക്കാനുള്ള ശ്രമമാണെന്നും ആരോപണമുയർന്നു.
സീനിയർ റസിഡന്റിനെതിരായ നടപടിയിലൂടെ കുറ്റക്കാരെ സംരക്ഷിക്കാനും നടപടി എടുക്കാനും സാധിച്ചെന്നാണ് വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |