SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.18 AM IST

പാഠപുസ്തക പ്രതിസന്ധി പരിഹരിക്കാൻ ഊർജ്ജിത നീക്കം 

p

തിരുവനന്തപുരം: പാഠപുസ്തക പ്രതിസന്ധി പരിഹരിക്കാൻ ഊർജ്ജിത നീക്കവുമായി സർക്കാർ. പാഠപുസ്തക അച്ചടിയും വിതരണവും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി എൻ.ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ചു.

സ്‌കൂൾ തുറക്കാൻ പതിനൊന്ന് ദിവസം മാത്രം ശേഷിക്കെ 20 ശതമാനം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാകാനുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. 65 ശതമാനം പുസ്തകങ്ങളുടെ വിതരണമാണ് പൂർത്തിയായത്. അച്ചടിച്ച പുസ്തകങ്ങൾ ജില്ലാ പാഠപുസ്തക ഡിപ്പോകളിൽ ലഭ്യമായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി പുസ്തകങ്ങൾ എത്തുന്നില്ല. ഇതു പരിഹരിക്കാനുള്ള അടിയന്തര നടപടികളെടുക്കാൻ യോഗം നിർദ്ദേശം നൽകി. പഠിക്കാനുള്ള പുസ്തകങ്ങൾ ആദ്യം ലഭ്യമാക്കാനാണ് നിർദ്ദേശം. ആക്ടിവിറ്റി പുസ്തകങ്ങൾ ജൂൺ ആദ്യ ആഴ്ചയോടെ നൽകാൻ കഴിയും. ഒരു ദിവസം 4 ലക്ഷം പുസ്തകങ്ങൾ വീതം അച്ചടിക്കാൻ കഴിയുമെന്നാണ് കെ.ബി.പി.എസ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്. 10 ദിവസത്തിനുള്ളിൽ ഇതു പൂർത്തിയാക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

പുസ്തകങ്ങൾ രണ്ടു ദിവസത്തിനകം പാഠപുസ്തക ഡിപ്പോകളിലെത്തിക്കാനുള്ള ക്രമീകരണം നടത്താനാണ് നിർദ്ദേശം. തുടർന്ന് കുടുംബശ്രീ വഴി വിതരണം നടത്തും. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്. എന്നാൽ 6, 7, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാകാനുണ്ട്. അച്ചടി പൂർത്തിയായവയുടെ ബൈൻഡിംഗും നടക്കേണ്ടതുണ്ട്. 3.75 കോടി പാഠപുസ്തകങ്ങളാണ് ഒരു അദ്ധ്യയന വർഷം അച്ചടിക്കേണ്ടത്. പേപ്പർ നൽകിയിരുന്ന തമിഴ്നാട് ന്യൂസ് പ്രിന്റ് ലിമിറ്റഡിന് 14 കോടി കുടിശികയുള്ളതിനാൽ കമ്പനി കവർ അച്ചടിക്കാനുള്ള പേപ്പർ നൽകിയില്ല. ഈ മാസം 15 ഓടെയാണ് കുടിശിക നൽകിയത്. ഇതാണ് പുസ്തകം അച്ചടി വൈകാനുള്ള കാരണം. ഉള്ളടക്കം അച്ചടിക്കാനുള്ള പേപ്പറിന്റെ കരാറെടുത്ത ശേഷാസായി പേപ്പർ ആൻഡ് ബോർഡ്സ് ലിമിറ്റഡ് യഥാസമയം പേപ്പർ നൽകിയെങ്കിലും കവർ അച്ചടിക്കാൻ കഴിയാത്തതിനാൽ പാഠപുസ്തക വിതരണം മുടങ്ങിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEXTBOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA