
കൊച്ചി: തൃക്കാക്കരയിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച അഞ്ചുപേർ പിടിയിൽ. ആക്രമണത്തിൽ ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് സി ഐ ഉദയകുമാറിന്റെ കൈയ്‌ക്ക് പൊട്ടലുണ്ടായി. നഗരത്തിലെ മാളിലെ സുരക്ഷാ ജീവനക്കാരായ വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്‌മൽ (20), അൽത്താഫ് (21), നെന്മാറ സ്വദേശി ഷംസുദീൻ (36) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ തൃക്കാക്കര ഉണിച്ചിറയ്‌ക്ക് സമീപമാണ് സംഭവം. പ്രതികൾ വാടയ്‌ക്ക് താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ മദ്യപിച്ച് ബഹളമുണ്ടാക്കി. പ്രദേശവാസികൾക്ക് ശല്യമായതോടെ അപ്പാർട്ട്‌മെന്റിലെ കെയർടേക്കർ പൊലീസിൽ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പ്രതികൾ പൊലീസിനെ തടഞ്ഞുവച്ച് തട്ടിക്കയറി. ഇതിനിടെയാണ് ട്രാഫിക് ഈസ്റ്റ് സിഐ ഉദയകുമാറും സംഭവസ്ഥലത്തേക്ക് എത്തിയത്. അക്രമാസക്തരായ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ അടിപിടിയുണ്ടായി. തുടർന്നാണ് ഉദയകുമാറിന്റെ കൈക്ക് പൊട്ടലേറ്റത്.
പിന്നീട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തി ബലപ്രയോഗത്തിലൂടെയാണ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തത്. കളമശേരി മെഡിക്കൽ കോളജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികള്‍ക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |