SignIn
Kerala Kaumudi Online
Monday, 12 October 2026 1.28 AM IST

ഗുരുദേവ ദർശനം വളച്ചൊടിക്കാൻ ശ്രമം: തുഷാർ വെള്ളാപ്പള്ളി

photo

ചേർത്തല: ശ്രീനാരായണ ഗുരുദേവ ദർശനം വളച്ചൊടിച്ച് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ യുവതലമുറ ഉൾപ്പെടെ ജാഗരൂകരാകണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യോഗം യൂത്ത് മൂവ്‌മെന്റ് ചേർത്തല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യവും യുവജന സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവൻ ഹിന്ദു ആചാരങ്ങൾക്ക് എതിരായിരുന്നുവെന്നും, 'നീ തന്നെയാണ് ദൈവം' എന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ പറഞ്ഞുവെന്നുമൊക്കെ പ്രചരിപ്പിച്ച് ,മതപരിവർത്തനത്തിന് അനുകൂലമായ നിലപാടായിരുന്നു ഗുരുദേവന്റേതെന്ന് വരുത്തിത്തീർക്കാൻ ചില രാഷ്ട്രീയ ബുദ്ധിജീവികൾ ശ്രമിക്കുന്നു. കളവംകോടത്ത് കണ്ണാടി പ്രതിഷ്ഠ നടത്തിയപ്പോൾ ഗുരുദേവൻ ഓംകാരമാണ് പ്രതിഷ്ഠിച്ചത്. ഓം എന്ന് ജപിക്കാനാണ് നിർദ്ദേശിച്ചത്. . ഗുരുദേവൻ നിരീശ്വരവാദിയായിരുന്നു

എന്ന പ്രചരണം സത്യത്തിന് നിരക്കാത്തതാണ്. ഗുരുദേവൻ പ്രതിഷ്ഠിച്ച മുപ്പതോളം ക്ഷേത്രങ്ങളും ഹിന്ദു ആചാര പ്രകാരമാണ്. ശിവഗിരിയിൽ ചെന്നാൽ കാണുന്നത് ഹിന്ദു ആചാരവും ശിവനുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്.

എസ്.എൻ.ഡി.പി യോഗത്തിന്റെ നിയമാവലിയിൽ , ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസപരവും വ്യാവസായികവും വൈദികവുമായ ഉന്നമനത്തിനാണ് സംഘടനയുണ്ടാക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. പിന്നീട് എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗത്തിലാണ് തീയ്യ, ഈഴവത്തി, ബില്ലവ എന്നീ പേരുകളും ഉൾപ്പെടുത്തിയത്. അതിനാൽ, യോഗം ജാതി സംഘടനയാണ്. 'ജാതിയില്ല, മതമില്ല' എന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല.ഗുരുദേവൻ പറഞ്ഞ 'സംഘടന കൊണ്ട് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക, വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കുക' എന്ന സന്ദേശം ആരും നമ്മുടെ വേദികളിൽ പറയുന്നില്ല. യോഗം പ്രാർത്ഥിക്കാൻ മാത്രമുള്ള സംഘടനയല്ല, അവകാശങ്ങൾക്കായി പൊരുതാനുള്ളതാണ്. പ്രജാസഭയിലേക്ക് നേതാക്കളെ കയറ്റിയതും, കാക്കനാട് കോൺഗ്രസിൽ സമുദായത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ നേതാക്കളെ വിട്ടതും ഗുരുദേവനാണ്. .ഗുരുവിന്റെ ദർശനവും യോഗത്തിന്റെ ചരിത്രവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം, സമുദായത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കളവംകോടം ശക്തീശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ചേർത്തല മേഖലാ ചെയർമാൻ കെ.പി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THUSHAR VELLAPALLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA