തിരുവനന്തപുരം: തലസ്ഥാനത്തെ തട്ടുകടകളിൽ നഗരസഭാ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. നഗരത്തിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമായ അന്തരീക്ഷത്തിലല്ല പാകം ചെയ്യുന്നതെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തുന്നതിനായാണ് പ്രത്യേക പരിശോധന നടത്തിയത്. നഗരസഭയുടെ 12 സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു ഒരേസമയം വിവിധ സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തിയത്.
വഴുതക്കാട്, ബേക്കറി ജംഗ്‌ഷൻ, യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ തട്ടുകടകളിലാണ് പ്രധാനമായും പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച വഴുതക്കാട്ടെ നാല് തട്ടുകടകൾക്ക് പരിശോധനാ സംഘം നോട്ടീസ് നൽകി. വരും ദിവസങ്ങളിലും നഗരത്തിലെ മറ്റ് ഭാഗങ്ങളിൽ പരിശോധന കർശനമാക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
പരിശോധനകൾക്കൊപ്പം തന്നെ വഴിയോര കച്ചവടക്കാർക്കിടയിൽ അവബോധം വളർത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം പത്താം തീയതി തട്ടുകട ഉടമകൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ വച്ചായിരിക്കും പരിശീലനം നടക്കുക. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ, ശുചിത്വ പരിപാലനം എന്നിവയ്ക്ക് മുൻഗണന നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |