
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ വാക് പോര്.
ധവളപത്രം തയ്യാറാക്കാനായി ധനവകുപ്പിന്റെ രഹസ്യസ്വഭാവമുള്ള രേഖകൾ സർക്കാരിന് പുറത്തുള്ളവരെ ഏൽപ്പിച്ചത് സത്യപ്രതിജ്ഞയുടെയും ഭരണഘടനയുടെയും ലംഘനമെന്ന് ചൂണ്ടിക്കാട്ടി കെ.എൻ. ബാലഗോപാൽ ക്രമപ്രശ്നമുന്നയിച്ചു. സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തുപോയിട്ടില്ലെന്നും, ധന വകുപ്പാണ് ധവളപത്രം തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ധനവകുപ്പിന്റെ രേഖകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം സി.എ.ജിക്കാണ്. രഹസ്യരേഖകൾ വളരെ കുറച്ച് ഉദ്യോഗസ്ഥർ മാത്രമേ കാണാറുള്ളു. അത്തരം രഹസ്യങ്ങൾ പുറത്തുപോകുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കും. സി.എ.ജിക്കു പോലും കൊടുക്കാത്ത രേഖകൾ പുറത്തുപോകുന്നത് ചട്ടലംഘനമാണെന്നും
ബാലഗോപാൽ പറഞ്ഞു. ബഡ്ജറ്റ് രേഖകളാണ് സമിതി പരിശോധിച്ചതെന്നും യഥാർത്ഥ ധനസ്ഥിതി ജനങ്ങൾ അറിയണമെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഇത്തരം രേഖകൾ ധനവകുപ്പല്ല തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരിച്ചടിച്ചു.
. വിദഗദ്ധാഭിപ്രായമൊക്കെ തേടിയെങ്കിലും രാഷ്ട്രീയരേഖ തയ്യാറാക്കിയത് അനുചിതമാണെന്നും പിണറായി പറഞ്ഞു.
വായിച്ചു നോക്കും മുമ്പ് ഇത് രാഷ്ട്രീയ രേഖയാണെന്ന് പറയുന്നത് എങ്ങനെയാണെന്ന് സതീശൻ ചോദിച്ചു. രാഷ്ട്രീയരേഖയാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. പല ധവള പത്രങ്ങളും രാഷ്ട്രീയ രേഖമാത്രമായിരുന്നുവെന്നും ഇത് അങ്ങനെയല്ലെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി മറുപടി നൽകി. പ്രതിപക്ഷ നയം പിന്തുടരാനല്ല ജനങ്ങൾ തങ്ങളെ ജയിപ്പിച്ചതെന്നും, മാറ്റമുണ്ടാകുമെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയം കൊണ്ട് എന്തുമാകാമെന്നു പറയുന്നത് ശരിയല്ലെന്നും, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും പിണറായി തിരിച്ചടിച്ചു. ഇതോടെ സ്പീക്കർ ഇടപെട്ടു. രേഖകളൊക്കെ മന്ത്രിസഭ അംഗീകരിച്ചതാണെന്നും, കെ.എൻ. ബാലഗോപാൽ ഉന്നയിച്ച വിഷയത്തിൽ ക്രമപ്രശ്നമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന്, മുഖ്യമന്ത്രി ധവളപത്രം നിയമസഭയിൽ വച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |