
തിരുവനന്തപുരം:സർക്കാർ ആശുപത്രിയിലെ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട പാലക്കാട്ടെ വിനോദിനിക്ക് ധനസഹായം നാലു മാസം മുടങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെട്ടു. നാലുമാസത്തെ കുടിശിക സഹിതം ഉടൻ വിതരണം ചെയ്യാനും ഇനി മുടങ്ങരുതെന്നും നിർദ്ദേശിച്ചു. മാദ്ധ്യമറിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ കുട്ടിക്ക് കൃത്രിമകൈ വച്ചു നൽകുന്നതിന് ധനസഹായം ലഭ്യമാക്കിയിരുന്നു. വീടു വയ്ക്കാൻ അഞ്ച് സെന്റ് ഭൂമി ലഭ്യമാക്കിയതും വി.ഡി.സതീശനാണ്.
വനിത ശിശുക്ഷേമ വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധനസഹായം നൽകിയിരുന്നതെന്ന് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന പണം ഉൾപ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വർഷമായതോടെ ഫണ്ട് മുടങ്ങി. മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് കുടിശിക ഉടൻ തീർക്കും.ധനസഹായം മുടങ്ങിയത് അന്വേഷിക്കാൻ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പുതിയ സർക്കാറിൽ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഇടപെട്ടതോടെ സഹായം മുടങ്ങാതെ ലഭിക്കുമെന്നാണ് വിശ്വാസമെന്നും വിനോദിനിയുടെ അമ്മ പ്രതികരിച്ചു.
കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്നും സർക്കാർ ഏറ്റെടുത്തിട്ടുള്ള തുടർപഠന ചെലവ് 21 വയസുവരെ ലഭ്യമാക്കണമെന്നും കഴിഞ്ഞ ഡിസംബറിൽ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു.
``കുടിശിക സഹിതം തിങ്കളാഴ്ച തന്നെ നൽകും. എന്തുകൊണ്ട് കുടശിക ആയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇനി മുടക്കം വരില്ല.``
-മന്ത്രി ബിന്ദു കൃഷ്ണ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |