
തിരുവനന്തപുരം: ലഹരി വിരുദ്ധ പോരാട്ടത്തിൽ കുട്ടികളും സ്വയം സന്നദ്ധ പ്രവർത്തകരായി മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.,അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവത്ക്കരണ റാലി കവടിയാറിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹംലഹരി ഉപയോഗം തകർക്കുന്നത് വ്യക്തിയെ മാത്രമല്ല. കുടുംബവും സമൂഹവും പ്രതിസന്ധിയിലാകുന്നു. കുട്ടികൾ മാതാപിതാക്കളുടെ മാത്രമല്ല, നാടിന്റെയും പ്രതീക്ഷയാണ്. ലഹരി മാഫിയയെ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ലഹരി ശൃംഖലകൾ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ കൂടുതൽ കാര്യക്ഷമമായി ചെറുക്കുന്നതിന് സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നതിന് 'മയങ്ങില്ല കേരളം' പോർട്ടൽ ആരംഭിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് ബോധവത്ക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ വ്യാപിപ്പിക്കുമെന്നും . മന്ത്രി പറഞ്ഞു.
കവടിയാറിൽ നിന്ന് കനകക്കുന്ന് കൊട്ടാരം വരെ നടന്ന ബോധവത്ക്കരണ റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, റോളർ സ്‌കേറ്റിങ് തുടങ്ങിയ പരിപാടികൾ നടന്നു. എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു, കൗൺസിലർ ശബരീനാഥൻ കെ.എസ്, വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി തുടങ്ങിയവർ പങ്കെടുത്തു.
ലഹരി വിരുദ്ധ പ്രവർത്തനത്തിന്
ജനജാഗ്രതാ പോർട്ടൽ: മന്ത്രി ലിജു
# ജൂലായ് ഒന്നിന് സജ്ജമാവും
തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് എക്സൈസ് മന്ത്രി എം.ലിജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദീർഘകാല അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നതിന് 'മയങ്ങില്ല കേരളം' പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ജനജാഗ്രതാ പോർട്ടലും മൊബൈൽ ആപ്ളിക്കേഷനും ജൂലായ് ഒന്നിന് പ്രവർത്തന സജ്ജമാവും. ലഹരി ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾജനങ്ങൾക്ക് ഇതിലൂടെ പങ്കുവയ്ക്കാം.ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സമഗ്രമായി ഏകോപിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംരംഭമായി ഇത് മാറും. സമൂഹത്തിന്റെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് പോർട്ടൽ. എല്ലാ താലൂക്കിലും ഡി അഡിക്ഷൻ സെന്റർ സ്ഥാപിക്കും. എൻഫോഴ്സ്മെന്റിന് പുറമെ ബോധവത്കരണം, പുനരധിവാസം എന്നിങ്ങനെയാണ് ലക്ഷ്യംവെയ്ക്കുന്നത്.
തൂഫാൻ, തണ്ടർ തുടങ്ങിയ പേരുകളിൽ സർക്കാർ ലഹരി പരിശോധനകൾ നടത്തുന്നുണ്ട്. 14,700ൽ അധികം കേസുകൾ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തു. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളതാണ് എക്സൈസ് വകുപ്പ്. ആധുനികവത്കരണത്തിലേക്ക് കടന്നിട്ടില്ല. ആധുനിക ഉപകരണങ്ങളും ആയുധങ്ങളും ഇല്ല. വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. എക്സൈസ് ഓഫീസുകളുടെ സ്ഥിതി അത്ര നല്ല അവസ്ഥയിലല്ല. മോഡൽ എക്സൈസ് ഓഫീസുകൾ വൈകാതെ പ്രവർത്തനം തുടങ്ങും. സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോകൾ ആരംഭിച്ച് നിലവിലുള്ള ഉദ്യോഗസ്ഥരെ അതിൽ ഉൾപ്പെടുത്തി സമഗ്രമായ പ്രവർത്തന പദ്ധതി ആവിഷ്കരിക്കും.
ഓപ്പറേഷൻ ശുദ്ധി എന്ന പേരിൽ വ്യാജകള്ള് പരിശോധനയും നടത്തുമെന്നും മന്ത്രി അറിയിച്ചു.
എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |