
തിരുവനന്തപുരം: നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വികസന ത്തിനും നിർമ്മാണത്തിനുമായി കേരളത്തിൽ അനുയോജ്യമായ സ്ഥലത്ത് നാളികേരപാർക്ക് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെട്ടു.ഇതിന് ആവശ്യമായ സഹായം കേന്ദ്ര ഗവൺമെന്റും നാളികേര വികസന ബോർഡും നൽകണം.തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ 28-ാമത് ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 50 വർഷം മുമ്പ് 65 ശതമാനം സ്ഥലങ്ങളിലും തെങ്ങ്കൃഷിയായിരുന്നു. അഞ്ചുപതിറ്റാണ്ടുകൊണ്ട് വളരെ പിന്നാക്കം പോയി. ശ്രീലങ്ക 20 വർഷം മുമ്പുതന്നെ നാളികേരത്തിൽ നിന്നുള്ള 200 ലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് വിപണിയിൽ ഇറക്കി.തെങ്ങിൻ തടി,തേങ്ങ,കരിക്ക്,ഓല,ചിരട്ട തുടങ്ങിയവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളായിരുന്നു അവ.ഇങ്ങനെ നാളികേരത്തിന് 50 ശതമാനം അധിക വില ലഭ്യമാക്കാൻ സാധിക്കുന്നതായി അവിടത്തെ വ്യാപാരികൾ പറഞ്ഞിട്ടുണ്ട്.
കേന്ദ്ര കൃഷി മന്ത്രി രാം നാഥ് ഠാക്കൂർ മുഖ്യാതിഥിയായിരുന്നു.നാളികേര വികസന ബോർഡും ഫാം ഇൻഫർമേഷൻ ബ്യൂറോയും ചേർന്നു സംപ്രേക്ഷണം ചെയ്യുന്ന 'നന്മ നിറഞ്ഞ നാളികേരം' എന്ന റേഡിയോ പരമ്പരയുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.
സംസ്ഥാന കൃഷി മന്ത്രി ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കൃഷി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ നാളികേര കൃഷി പുനരുദ്ധാരണത്തിനുള്ള പൂർണ പിന്തുണ ലഭിച്ചതായി മന്ത്രി പറഞ്ഞു.
മുഖ്യനാളികേര വികസന ഓഫീസർ ഡോ.ഹനുമന്ത് ഗൗഡ സ്വാഗതം പറഞ്ഞു. നാളികേര വികസന ബോർഡ് ചെയർമാൻ സുബ്ബ നാഗരാജൻ,ബോർഡ് മെമ്പർ എം.കെ.രാഘവൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ ആശംസകൾ നേർന്നു.നാളികേര വികസന ബോർഡ് സി.ഇ.ഒ ദീപ.ഡി.നായർ,കേന്ദ്ര ഹോർട്ടിക്കൾച്ചർ കമ്മിഷണർ ഡോ.പ്രഭാത് കുമാർ എന്നിവരും പങ്കെടുത്തു.ബോർഡ് സെക്രട്ടറി പ്രമോദ് കുര്യൻ നന്ദിയും പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം നാളികേര കർഷകർ പങ്കെടുത്തു. നാളികേര ഉത്പാദക സംഘങ്ങളുടെയും സംരംഭകരുടെയും സ്റ്റാളുകൾ സജ്ജമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |