
കൊച്ചി: മാസപ്പടിക്കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന വീണാ വിജയന്റെ അപേക്ഷ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) തള്ളി. 17ന് കൊച്ചി കടവന്ത്രയിലെ ഓഫീസിൽ ഹാജരാകാൻ വീണ്ടും സമൻസ് നൽകി.
ഇന്നലെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിച്ച് വീണ സമയം നീട്ടി ചോദിച്ചിരുന്നു. ചോദ്യങ്ങൾക്ക് മറുപടിയും ആവശ്യപ്പെടുന്ന രേഖകളും അഭിഭാഷകൻ മുഖാന്തരം നൽകാമെന്നും അറിയിച്ചു. ഇത് അനുവദിക്കാതെയാണ് നേരിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.
വീണാവിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരം ഇ.ഡി അന്വേഷിക്കുന്നത്. മാസങ്ങളായി തുടരുന്ന അന്വേഷണത്തിന്റെയും വീടുകളിലുൾപ്പെടെ നടത്തിയ റെയ്ഡിന്റെയും തുടർച്ചയായാണ് വീണയെയും സി.എം.ആർ.എൽ മേധാവികളെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പി.എം.എൽ.എ നിയമപ്രകാരം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന തീയതികളിൽ ഇളവ് നൽകുമെങ്കിലും നേരിൽ ഹാജരാകണമെന്നാണ് വ്യവസ്ഥ. മൂന്നു സമൻസുകളിലും ഹാജരായില്ലെങ്കിൽ പ്രതി എവിടെയുണ്ടോ, അവിടെയെത്തി ചോദ്യം ചെയ്യാനോ കസ്‌റ്റഡിയിലെടുക്കാനോ ഇ.ഡിക്ക് അധികാരമുണ്ട്. സി.എം.ആർ.എൽ ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ശരൺ എസ്. കർത്തയോട് 15ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |