SignIn
Kerala Kaumudi Online
Friday, 17 July 2026 12.37 PM IST

'ഇന്ന് മുസ്ളീമെങ്കിൽ നാളെ മറ്റ് മതസ്ഥർ; വഖഫ് ബോർഡിൽ അമുസ്ളീങ്ങളെ തിരുകിക്കയറ്റാൻ യുഡിഎഫ് സർക്കാരിന് വാശി'

pinarayi-vijayan
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: വഖഫ് ബോർഡ് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനെതിരെ ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചത്. പുതിയ ഭേദഗതി അനുസരിച്ച് അമുസ്ളീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ്. ആ വഴിക്കാണ് ഇപ്പോഴത്തെ കേരള സർക്കാർ നീങ്ങുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു.

'വിവിധ മതവിഭാഗങ്ങളുടെ ഒട്ടേറെ സ്ഥാപനങ്ങൾ പ്രവ‌ർത്തിക്കുന്നുണ്ട്. അവയുടെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റ് മതസ്ഥർ ഇടപെടുന്നത് ശരിയല്ല. ഇതിനെതിരായ സമീപനമാണ് പുതിയ വഖഫ് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ മുന്നോട്ടുവച്ചത്. മുസ്ളീം വിഭാഗങ്ങളുമായി ബന്ധപ്പെട്ടവരുടെ മാത്രം സംവിധനമാണ് വഖഫ് ബോർഡ്. മാനേജ്‌മെന്റിൽ അമുസ്ളീങ്ങളെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയത്. അതാണ് നിയമഭേദഗതിയിലൂടെ ബിജെപി സർക്കാർ നടപ്പാക്കിയത്. ഇന്ന് മുസ്ളീങ്ങളാണ് ഇത്തരം നടപടി നേരിടുന്നതെങ്കിൽ നാളെ മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തിലും അവർ ഇതേ നടപടി സ്വീകരിക്കും.

എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് കേന്ദ്രസർക്കാരിന്റെ ഇ‌ടപെടലിനെതിരെ യുഡിഎഫും ആശങ്ക പ്രകടപ്പിച്ചിരുന്നു. എന്നാൽ ആ നിയമം വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കാനാണ് ഞങ്ങൾ തയ്യാറാകുന്നതെന്നാണ് കേരള ഹൈക്കോടതിയിൽ ഇപ്പോഴത്തെ സർക്കാർ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണർ സോളിസിറ്റർ ജനറലും ഹർജിക്കാരോടും സംസ്ഥാന സർക്കാരുമോടുള്ള യോജിപ്പ് കോടതിയെ അറിയിച്ചു.

വഖഫുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഇടതുപക്ഷം ശക്തമായ നിലപാടെടുത്തിരുന്നു. ഈ നിയമത്തിനെതിരായി കെ സി വേണുഗോപാൽ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴതെല്ലാം അവഗണിക്കുകയാണ് സംസ്ഥാന സ‌ർക്കാർ. വഖഫ് ബോർഡിൽ അമുസ്ളീങ്ങളെ തിരുകി കയറ്റാനുള്ള വാശിയിലാണ് സംസ്ഥാന സർക്കാർ'- പ്രതിപക്ഷ നേതാവ് വിമർശിച്ചു.

English Summary

The Opposition Leader criticized the Kerala government over the Waqf Board controversy, alleging it is implementing the Centre’s amended Waqf law by including non-Muslims in the Board. He argued this undermines the autonomy of religious institutions, accused the government of aligning with the BJP’s approach, and said it has abandoned its earlier opposition to the amendment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF BOARD, WAQF BOARD CONTROVERSY, PINARAYIVIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA