
കലാപത്തിന്റെ കനലണയാത്ത മണിപ്പൂരിൽ നിന്ന് കലയുടെ തീരത്തെത്തിയ സൈനികനായ അച്ഛന് ആനന്ദക്കണ്ണീരോടെ വിജയം സമർപ്പിച്ച് മകൾ. ഹൈസ്‌ക്കൂൾ വിഭാഗം പെൺകുട്ടികളുടെ തുള്ളലിൽ എ ഗ്രേഡ് നേടിയ ഭരതന്നൂർ എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരി വൈഷ്ണവിയുടെ സബ് ജില്ലാ, ജില്ലാതല മത്സരങ്ങൾ കാണാൻ മണിപ്പൂരിലെ സംഘർഷ മേഖലയിലായിരുന്ന പിതാവ് ഒ.എസ്.ബൈജുവിന് എത്താൻ സാധിച്ചിരുന്നില്ല. ബൈജുവിനും ഭാര്യ അശ്വതിക്കും മകളെ മികച്ച കലാകാരിയാക്കണമെന്നാണ് ആഗ്രഹം. തുള്ളലിനൊപ്പം മറ്റു നൃത്തയിനങ്ങളും പരിശീലിപ്പിക്കുന്നുണ്ട്. മകൻ എൽ.കെ.ജി. വിദ്യാർത്ഥിയായ ശ്രീകരിയെ ഫുട്‌ബോൾ രംഗത്തെത്തിക്കാനാണ് ആഗ്രഹം. കലാപം ആളിപ്പടർന്ന മണിപ്പൂരിൽ സ്ഥിതി ഏറെക്കുറെ നിയന്ത്രണവിധേയമായത് ആശ്വാസകരമാണെന്നും കലാപഭൂമിയിൽ നിന്ന് കുറച്ചു നാളത്തെ അവധിയിൽ കലയുടെ മണ്ണിലേക്ക് എത്തിയപ്പോൾ നല്ല ശാന്തത അനുഭവപ്പെടുന്നുവെന്നും സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനായ ബൈജു പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായുള്ള ധനസഹായത്തോടെ കലാമണ്ഡലം വർഷയാണ് വൈഷ്ണവിയെ പരിശീലിപ്പിച്ചത്. കിരാതം കഥയാണ് അരങ്ങിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |