
തിരുവനന്തപുരം:ജനജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുമ്പോഴേ പാർട്ടി ജനങ്ങളുടേതാവൂ എന്ന് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നവയുഗം ദ്വൈവാരികയിലാണ് സഖാക്കളേ മുന്നോട്ട് എന്ന തലക്കെട്ടിലുള്ള കത്ത് പ്രസിദ്ധീകരിച്ചത്.
പാർട്ടി സഖാക്കൾ മദ്യപിച്ച് റോഡിൽ കിടക്കരുതെന്നതടക്കമുള്ള പെരുമാറ്റച്ചട്ടം മാദ്ധ്യമങ്ങൾ തെറ്രായി വ്യാഖ്യാനിച്ചത് , ചില പാർട്ടി അംഗങ്ങൾ സമ്മേളനങ്ങളിൽ ഉയർത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കത്ത്. 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വിമർശനവും സ്വയം വിമർശനവും ചൂണ്ടിക്കാട്ടിയുള്ളതാണ് കത്തിന്റെ ഉളളടക്കം.
കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ യുവത്വം ഉയർത്തിപ്പിടിക്കുന്നത് പഴയ കാല സമരാനുഭവങ്ങൾ പഠിച്ചു കൊണ്ടും, പഴയ സഖാക്കളുടെ സംഭാവനകളെ അനുസ്മരിച്ചു കൊണ്ടുമാവണം.
പല ബ്രാഞ്ചുകളുടെയും പ്രവർത്തന റിപ്പോർട്ടുകൾ ശുഷ്കമായിരുന്നു. മേൽഘടകങ്ങൾ ഏൽപ്പിച്ച കാര്യങ്ങൾ യാന്ത്രികമായി ചെയ്തതിന്റെ വിവരണം മാത്രമായി അവ മാറി.
കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കിടയിൽ ജലത്തിലെ മത്സ്യത്തെ പോലെ ജീവിക്കണമെന്നാണ് ആചാര്യന്മാർ പഠിപ്പിച്ചത്.
ഒറ്റയ്ക്ക് ഫണ്ട് പിരിച്ചു കൂടാ.പിരിക്കുന്ന ഫണ്ടിന്റെ കണക്ക് കൃത്യമായി ഘടകങ്ങളിൽ സമർപ്പിക്കണം.വിവാഹധൂർത്തും ആർഭാടങ്ങളും ഒഴിവാക്കണം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിപ്പെട്ടു പോകരുത് തുടങ്ങി നിരവധി കാര്യങ്ങൾ പെരുമാറ്റച്ചട്ടത്തിലുണ്ട്. എന്നാൽ അതൊന്നും വാർത്തയാക്കാതെ മദ്യപാനത്തെക്കുറിച്ചുള്ള പാർട്ടി നിലപാട് വളച്ചൊടിച്ച് പ്രചരിപ്പിക്കാനാണ് പിന്തിരിപ്പൻ മാദ്ധ്യമങ്ങൾ ബോധപൂർവ്വം ശ്രമിച്ചതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |