SignIn
Kerala Kaumudi Online
Sunday, 18 October 2026 2.52 AM IST

പിണറായി അനുകൂല നിലപാട്: കോൺഗ്രസിൽ ഭിന്നത

READ ENGLISH VERSION
aa

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ സംസ്ഥാന സർക്കാർ പിണറായി വിജയന് അനുകൂലമായ നിലപാട് കോടതിയിൽ സ്വീകരിച്ചതിൽ കോൺഗ്രസിൽ ഭിന്നത മൂക്കുന്നു. മാത്യു കുഴൽനാടനും ജിന്റോ ജോണിനും പിന്തുണയുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും രംഗത്തെത്തി. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ നോക്കേണ്ടെന്നും ,തങ്ങൾ സംരക്ഷിക്കുമെന്നും കെ.സുധാകരൻ പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നൽകേണ്ടെന്നായിരുന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ മാത്യു കുഴൽനാടൻ തുറന്നടിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇതിനെ ശക്തമായി എതിർക്കുകയും രാഷ്ട്രീയ വിരോധം തീർക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സർക്കാർ നിലപാടിനെ വിമർശിച്ച ജിന്റോ ജോണിന് പുറമെ, സി.ആർ.മഹേഷ് എം.എൽ.എയും ഇന്നലെ പരോക്ഷമായി വിമർശിച്ചു. ഗോഡ് ഫാദർ സിനിമയിലെ അഞ്ഞൂറാനെന്ന കഥാപാത്രത്തിന്റെ 'മറക്കണോ പഴയതൊക്കെ' എന്ന സംഭാഷണ രംഗം പങ്കു വച്ചായിരുന്നു മഹേഷിന്റെ വിമർശനം.

കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടേയും നിലപാടിനെ അനുകൂലിക്കുന്നവരാണ്. ഇ.ഡിയെ കൂട്ടു പിടിച്ചുള്ള നീക്കം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ നിലപാട്. ഇ.ഡിയെ വിശ്വാസമില്ലെന്ന പ്രഖ്യാപിത നിലപാടാണ് സർക്കാർ ഉയർത്തിപ്പിടിച്ചതെന്നും, സർക്കാർ പിണറായി വിജയനെ സഹായിച്ചോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു കെ.പി.നൗഷാദ് അലി എം.എൽ.എയുടെ പ്രതികരണം. സാമൂഹ്യ മാദ്ധ്യമ പേജുകളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കു വച്ചാണ് 'ഉമ്മൻചാണ്ടിക്ക് കിട്ടാത്ത നീതി പിണറായിക്കു നൽകേണ്ട' എന്ന രോഷം അണികൾ പ്രകടിപ്പിക്കുന്നത്. ഇതിനിടെ, താൻ പ്രതികാരം ആഗ്രഹിക്കുന്നവനല്ലെന്ന ഉമ്മൻചാണ്ടിയുടെ പഴയ പ്രതികരണം മകൾ മറിയ ഉമ്മൻ ഫേസ്ബുക്കിൽ പങ്കു വച്ചു. നിലവിലെ വിവാദങ്ങളിൽ ഉമ്മൻചാണ്ടിയുടെ പേര് ഉയർത്തുന്നതിൽ കുടുംബത്തിന് എതിർപ്പുണ്ടെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA