SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.58 AM IST

തിരുവനന്തപുരം കോർപ്പറേഷനിൽ കൂട്ടയടി: ഏറ്റുമുട്ടി യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ

corporation

തിരുവനന്തപുരം: ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.ഡി.എഫ്- ബി.ജെ.പി കൗൺസിലർമാർ തമ്മിലുള്ള സംഘർഷം തലസ്ഥാന കോർപ്പറേഷനെ ഏറെനേരം മുൾമുനയിലാക്കി. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കെ.എസ്.ശബരിനാഥനും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ജെ.പിയിലെ ചെമ്പഴന്തി ഉദയനും നേർക്കുനേർ ഏറ്രുമുട്ടി. ഇരുവിഭാഗത്തെയും കൗൺസിലർമാർ ഇടപെട്ടതോടെ കൂട്ടയടിയായി. ചെമ്പഴന്തി ഉദയന്റെ ഷർട്ട് വലിച്ചു കീറി. വനിതാ കൗൺസിലർമാരടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.

കാപ്പാ കേസിൽ ജയിലിലായ ബി.ജെ.പിയിലെ സുഗതന്റെ കൗൺസിലിലെ ഹാജറുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിലെത്തിയത്. കൗൺസിൽ യോഗത്തിനുശേഷം ഹാജർബുക്ക് ഉയർത്തികാട്ടിയ ശബരിനാഥന്റെ പക്കൽനിന്ന് അത് പിടിച്ചുവാങ്ങാൻ ചെമ്പഴന്തി ഉദയൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.10ന് കൗൺസിൽ യോഗം തുടങ്ങിയപ്പോൾതന്നെ സംഘർഷാന്തരീക്ഷമായിരുന്നു. ഭരണസ്തംഭനം ആരോപിച്ച് എൽ.ഡ‌ി.എഫ് കൗൺസിലർമാർ മുദ്രാവാക്യം മുഴക്കി.

കഴിഞ്ഞ ദിവസം മേയർ ഓഫീസിന് മുന്നിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ എൽ.ഡി.എഫ് കൗൺസിലർമാരായ സിന്ധു, സിന്ധുശശി, വീണ എന്നിവരെ ആംബുലൻസിൽ എത്തിച്ച് പ്ലക്കാർഡുകളുമായി മേയറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചതോടെ ബഹളം ശക്തമായി. പത്തു മിനിറ്റുകൊണ്ട് മേയർ വി.വി.രാജേഷ് യോഗം അവസാനിപ്പിച്ചു.

പിന്നാലെ കൗൺസിൽ ഹാളിലെ മൂന്ന് ഇടങ്ങളിലായി നിലയുറപ്പിച്ച് ബി.ജെ.പി, എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ മുദ്രാവാക്യം മുഴക്കി. സുഗതന്റെ ഹാജർവിവരം മാദ്ധ്യമങ്ങൾക്ക് മുന്നിൽ ശബരിനാഥൻ ഹാജർബുക്ക് ഉയർത്തിക്കാട്ടി വിശദീകരിക്കേവേ അത് തട്ടിയെടുക്കാൻ ചെമ്പഴന്തി ഉദയൻ ശ്രമിച്ചതോടെ പിടിവലിയായി. ഇരുവിഭാഗത്തെയും മറ്റു കൗൺസിലർമാർ ഇടപെട്ടതോടെ സംഘർഷം മൂർച്ഛിച്ചു. ഇതിനിടെ ശബരിനാഥനും ഉദയനും മർദ്ദനമേറ്റു.

യു.ഡി.എഫ് കൗൺസിലർ അനിത അലക്സ്, ബി.ജെ.പി കൗൺസിലർ അർച്ചന മണികണ്ഠൻ എന്നിവർക്കും മർദ്ദനമേറ്റു. യു.ഡി.എഫിലെ വൈഷ്‌ണ സുരേഷിന്റെ മുഖത്ത് ബി.ജെ.പി കൗൺസിലർമാർ ചൂടുവെള്ളം ഒഴിച്ചെന്നും പരാതി ഉയർന്നു. മുതിർന്ന കൗൺസിലർമാരടക്കം ഇടപെട്ടതോടെ വൈകിട്ട് മൂന്നരയോടെയാണ് സംഘർഷത്തിന് അയവുവന്നത്. പരിക്കേറ്റ ബി.ജെ.പി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, അർച്ചന മണികണ്ഠൻ, കോൺഗ്രസിലെ ഷെർളി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.

കോൺ. പരാതി നൽകി

വനിതാ കൗൺസിലർമാരെ ആക്രമിച്ചെന്ന് ആരോപിച്ച് ബി.ജെ.പിയിലെ ചെമ്പഴന്തി ഉദയൻ, ഗിരികുമാർ എന്നിവർക്കെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CORPORATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA