തിരുവനന്തപുരം: തെറ്റുതിരുത്തിയാൽ സി,പി.എം വിട്ട വിമത എം.എൽ.എമാരെ തിരിച്ചെടുക്കാമെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ജയരാജന്റെയും അത് തള്ളിയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും നിലപാടുകൾക്ക് മറുപടിയുമായി ടി.കെ. ഗോവിന്ദൻ. തനിക്ക് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നും തെറ്റു പറ്റിയത് പാർട്ടിക്കാണെന്നും അത് കൊണ്ട് പാർട്ടിയാണ് തെറ്റ് തിരുത്തേണ്ടതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. തങ്ങൾ തിരികെ വരുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട അവസ്ഥയിലേക്ക് ഭാവിയിൽ പാർട്ടിക്ക് വരേണ്ടി വരും. എന്താണ് തങ്ങൾ ചെയ്ത തെറ്റെന്നും ആരാണ് തെറ്റു തിരുത്തേണ്ടതെന്നും വ്യക്തമാക്കാൻ എം.വി. ജയരാജൻ തയ്യാറാകണമെന്നും ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു.
എം.വി. രാഘവന്റെ ആരോഗ്യമൊക്കെ പോയി ബോധമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് അദ്ദേഹം തിരിച്ചുവന്നതെന്നും ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പി.എം ശ്രീ പദ്ധതിയിൽ അന്ന് ഒപ്പിട്ടത് ഏത് മന്ത്രിയാണെന്ന് ഓർമ്മ വേണമെന്നും ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ഒപ്പിട്ട ഒരു കരാറിൽ നി്ന്ന് യു.ഡി.എഫ് സർക്കാരിന് എളുപ്പത്തിൽ പിൻമാറാൻ കഴിയില്ലെന്നും ടി.കെ.ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് യഥാർത്ഥ വർഗ വഞ്ചകരെന്നും അങ്ങനെയെങ്കിൽ ആരാണ് വർഗ വഞ്ചകരെന്നത് വ്യക്തമാണെന്നും ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിലാണ് എം.വി. ജയരാജൻ പാർട്ടി വിട്ടവരോട് ആദ്യം മൃദുസമീപനം എടുത്തത്. എം.വി. രാഘവനെയും കെആർ ഗൗരിയമ്മയെയും വരെ അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും നയപരമായ തെറ്റുപറ്റിയെന്ന് കരുതി പഴയ സഖാക്കളെ ഒറ്റപ്പെടുത്തുന്ന ശൈലി പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായെന്നും പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം ആദ്യം പറഞ്ഞു. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് ടി.കെ. ഗോവിന്ദൻ സന്ദർശിച്ചതിനെ ന്യായീകരിച്ച ജയരാജൻ, ആതിഥ്യ മര്യാദ കാണിക്കുന്നതിൽ തെറ്റില്ലെന്നും കൂട്ടിച്ചേർത്തു.
ജയരാജന്റെ ഈ പ്രസ്താവനകളെ പൂർണമായും തള്ളിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് പ്രതികരിച്ചത്. 'ജയരാജൻ സംസാരിച്ചത് പാർട്ടിയുടെ ഭാഗമായല്ല. ഒരോരുത്തരും ഒരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും എന്നത് ശരിയാണ്, എന്നാൽ വർഗവഞ്ചനയാണ് ഇവിടെ നടന്ന തെറ്റ്. ജി. സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പുറത്തുപോയവരും വിമതരായി മത്സരിച്ചവരുമാണ്. ഇത്തരക്കാരെ വർഗവഞ്ചകരായി തന്നെ കാണും, അവരെ വിമർശിക്കുന്നത് തുടരും.' എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിയുടെ പരസ്യ തിരുത്തലിന് പിന്നാലെയാണ് വിമത എംഎൽഎമാർക്ക് തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് പറഞ്ഞുകൊണ്ട് എം.വി. ജയരാജൻ വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |