SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.22 AM IST

പകർച്ചവ്യാധി നിയന്ത്രണം പരാജയമെന്ന് പ്രതിപക്ഷം: പറയുന്നത്ര ഭീകരാന്തരീക്ഷമില്ലെന്ന് മന്ത്രി

k-muraleedharan

തിരുവനന്തപുരം: പകർച്ചവ്യാധി നിയന്ത്രണത്തിൽ സർക്കാർ സമ്പൂർണ പരാജയമാണെന്നും ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെ പ്രതിരോധം പൂർണമായി ഉദ്യോഗസ്ഥ കേന്ദ്രീകൃതമാക്കിയെന്നും നിയമസഭയിൽ പ്രതിപക്ഷ ആരോപണം. എന്നാൽ പറയുന്നത്ര ഭീകരാന്തരീക്ഷമില്ലെന്നും 10വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് ഇപ്പോൾ നേരിടുന്ന പ്രശ്നമെന്നും മന്ത്രി കെ.മുരളീധരന്റെ തിരിച്ചടി. പി.എ.മുഹമ്മദ് റിയാസ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിലായിരുന്നു വാക്പോര്. വിഷയത്തിൽ സർക്കാർ ലാഘവത്തോടെയാണ് പ്രതികരിക്കുന്നതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

രോഗം മറച്ചുവച്ച് എല്ലാം ശരിയെന്ന് പറയുന്നതല്ല സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. രോഗവിവരം പരസ്യമായും ശാസ്ത്രീയമായും ജനങ്ങളെ അറിയിക്കും. കുടത്തിൽനിന്ന് തുറന്നുവിട്ട ഭൂതത്തെ തിരിച്ചുപിടിക്കേണ്ട സ്ഥിതിയാണെന്നും പരിഹസിച്ചു. ആരോഗ്യ മേഖലയിലെ കേരള മോഡൽ സർക്കാർ കൈവിടുകയാണെന്നും പകർച്ചവ്യാധി ബാധിച്ച് 87മരണമുണ്ടായെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

2018ൽ 16പേർ നിപബാധിച്ച് മരിച്ചിരുന്നെന്നും ഇപ്പോൾ ഒരാളിൽമാത്രം ഒതുങ്ങിയെന്നും നിപ പടരുന്നു എന്നത് ദുഷ്‌പ്രചാരണമാണെന്നും മന്ത്രി മുരളീധരൻ പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധം ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുമാക്കും. എപ്പിഡെമിക് കലണ്ടർ തയ്യാറാക്കും. എബോള കേരളത്തിൽ സ്ഥിരീകരിച്ചെന്ന് അടിയന്തരപ്രമേയ നോട്ടീസിലുള്ളത് തെറ്റാണ്. ഇന്ത്യയിൽ ഒരിടത്തും സ്ഥിരീകിരിച്ചിട്ടില്ല. സുഡാനിൽ നിന്നെത്തിയ ആളെ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽകോളേജിൽ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണെന്നും വ്യക്തമാക്കി.

പൂർണപരാജയം:

പിണറായി

ആരോഗ്യവകുപ്പ് പൂർണ പരാജയമായി മാറിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സാധാരണ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ല. ഫലപ്രദമായി പ്രവർത്തിക്കേണ്ട ഘട്ടത്തിൽ പരക്കെ ഉദ്യോഗസ്ഥ സ്ഥലംമാറ്റമാണ്. 390ഡോക്ടർമാർക്ക് പി.എസ്.സി അഡ്വൈസ് നൽകിയിട്ടും നിയമനം തടഞ്ഞതിന് പിന്നിൽ നിക്ഷിപ്ത താത്പര്യമാണ്.

'ദീർഘവീക്ഷണ ശ്രീ

പദവി നൽകണം'

'എരണം കെട്ടവർ നാടുഭരിച്ചാൽ രോഗമുണ്ടാവുമെന്ന' മുരളീധരന്റെ മുൻപ്രസംഗം മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഇത്രയും ദീർഘവീക്ഷണത്തോടെ പ്രസ്താവന നടത്തുന്ന നേതാവ് ലോകത്തില്ല. ആരോഗ്യമന്ത്രിക്ക് 'ദീർഘവീക്ഷണ ശ്രീ' പദവി നൽകണം. വ്യക്തിപരമായി മന്ത്രിയെയോ മുഖ്യമന്ത്രിയെയോ ആക്ഷേപിക്കുന്നില്ലെന്നും പറഞ്ഞു. എരണം കെട്ടവർ ഭരിക്കുന്നത് കൊണ്ടല്ല, രോഗം വരുന്നതെന്ന് പിണറായി വിജയനും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA