
തിരുവനന്തപുരം: ആർ.എസ്.എസിന് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്ന് ദേശീയ വക്താവ് സുനിൽ അംബേദ്ക്കർ. സംഘത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് മാദ്ധ്യമ മേധാവികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നന്മയ്ക്കായാണ് ആർ.എസ്.എസ് നൂറുവർഷവും പ്രവർത്തിച്ചത്. ജാതി,മത,ഭാഷാ ഭേദങ്ങളില്ല. എല്ലാവരേയും ബഹുമാനിക്കാനാണ് സംഘം പഠിപ്പിക്കുന്നത്.
ആർ.എസ്.എസിന് രജിസ്ട്രേഷനില്ലെന്നും മറ്റും പറയുന്നത് ശരിയല്ല. രാജ്യത്ത് മൂന്നുതവണ ആർ.എസ്.എസിനെ നിരോധിച്ചിട്ടുണ്ട്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സംഘടനയെ നിരോധിക്കാനാവില്ലല്ലോ. അന്നൊന്നും ഒരു കേന്ദ്രസർക്കാരും രജിസ്ട്രേഷൻ പ്രശ്നം ഉന്നയിച്ചിട്ടില്ല.
ആർ.എസ്.എസിന് അംഗത്വ ഫീസില്ല. സ്വയംസേവകർ നൽകുന്ന ഗുരുദക്ഷിണ മാത്രമാണ് സംഘടനയുടെ ഫണ്ട്. സംഘത്തിന് കീഴിലുള്ള സംഘടനകളും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലുള്ള ഏറ്റെടുത്തു നടത്തുന്ന ട്രസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സി.ജെ.പി സമരത്തിൽ ചർച്ചകൾ നടത്താനാണ് ആർ.എസ്.എസ് നിർദ്ദേശിച്ചത്. പൊതുവായ വിഷയങ്ങളിൽ പരസ്യപ്രതികരണം ആർ.എസ്.എസ് ശൈലിയല്ല. ആർ.എസ്.എസിന്റെ നൂറാം വാർഷികം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി യോജിച്ചാണ് ആചരിക്കുന്നത്.
ആർ.എസ്.എസ് ദക്ഷിണപ്രാന്തീയ കാര്യവാഹ് ടി.വി.പ്രസാദ് ബാബു,സമ്പർക്ക പ്രമുഖ് എം.ജയകുമാർ,പ്രചാർ പ്രമുഖ് എം.ഗണേശൻ,വിഭാഗ് പ്രചാർ പ്രമുഖ് അഖിലേഷ്,ജില്ലാ സംഘചാലക് ഗിരീഷ് തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |