
തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റത്തിൽ നേതാക്കൾക്കായി ഒത്തുതീർപ്പ് നടത്തിയെന്ന് ആരോപിച്ച് ഇടത് അനുകൂല സംഘടനയിൽ വിവാദം. കഴിഞ്ഞ ജൂലായ് നാലിന് 268 പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ 394 പേരെയാണ് സ്ഥലംമാറ്രിയത്. ഇതിനെതിരെ ഇടതു സംഘടനയായ കെ.ജി.ഒ.എ അനിശ്ചിതകാല ധർണ ആരംഭിച്ചിരുന്നു. അതിനിടെ സംഘടനാ നേതാക്കളായ പത്തുപേരുടെ സ്ഥലംമാറ്റം റദ്ദാക്കിയാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് അധികൃതരുമായി ഒത്തുതീർപ്പിലെത്തിയെന്നാണ് ആക്ഷേപം. സ്ഥലംമാറ്റം റദ്ദാക്കപ്പെടേണ്ടവരുടെ പട്ടികയും വകുപ്പ് മന്ത്രിക്ക് കൈമാറി.
ജൂലായ് 7ന് തുടങ്ങിയ അനിശ്ചിതകാല സമരം 23ന് മന്ത്രി കെ.എം.ഷാജി സമരപ്പന്തലിലെത്തിയതോടെ അവസാനിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ 84 പേരുടെ സ്ഥലംമാറ്റം റദ്ദാക്കി കഴിഞ്ഞ ശനിയാഴ്ച ഉത്തരവിറങ്ങി. ഇവർക്ക് സെൻസസ് ഡ്യൂട്ടിയുണ്ടെന്ന പേരിലായിരുന്നു ഇത്. എന്നാൽ, നേതാക്കൾ നൽകിയ പട്ടികയിലുള്ള പത്തുപേർ റദ്ദാക്കിയ ഉത്തരവിൽ ഉൾപ്പെട്ടുമില്ല. ഇതേച്ചൊല്ലിയടക്കമാണ് സംഘടനയിൽ വിവാദമുയർന്നത്.
യു.ഡി.എഫ് അനുകൂല സംഘടന നൽകിയ പട്ടികയനുസരിച്ചാണ് കൂട്ട സ്ഥലംമാറ്റം നടത്തിയതെന്നും മാനുഷിക പരിഗണനപോലും ഉണ്ടായില്ലെന്നും ആരോപിച്ചാണ് ഇടതുസംഘടന സമരം ചെയ്തത്. അതേസമയം, മഴക്കാലം കണക്കിലെടുക്കാതെ പഞ്ചായത്ത് സെക്രട്ടറിമാരെ ജൂലായിൽ തന്നെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിനെ ചൊല്ലിയും വിവാദമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |