
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന യു.ഡി.എഫ് തീരുമാനം അനുസരിച്ചേ നടപ്പാക്കൂവെന്ന് എക്സൈസ് മന്ത്രി എം. ലിജു. കുറഞ്ഞ നികുതി ഘടന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടേയുള്ളൂ. മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏത് മദ്യം വിൽക്കണമെങ്കിലും എക്സൈസ് കമ്മിഷണർക്ക് അപേക്ഷ നൽകി ബ്രാൻഡ് രജിസ്റ്റർ ചെയ്യണം. മദ്യ നയം വരുമുമ്പ് വീര്യം കുറഞ്ഞ മദ്യവില്പനയ്ക്ക് അപേക്ഷ വന്നാൽ നിഷേധിക്കും. വീര്യം കുറഞ്ഞ മദ്യത്തിന് ബഡ്ജറ്റിൽ നികുതി നിശ്ചയിച്ചതിൽ വിയോജിപ്പ് പറഞ്ഞിട്ടില്ല. ബഡ്ജറ്റിൽ എത്ര നികുതി ഏർപ്പെടുത്തണമെന്ന് മന്ത്രിമാരോട് ചോദിച്ചിട്ടല്ലല്ലോ തീരുമാനിക്കുന്നത്.
മദ്യവില്പനയുടെ അന്തിമവാക്ക് മദ്യനയമാണ്. ഘട്ടംഘട്ടമായി മദ്യഉപഭോഗം കുറച്ചുകൊണ്ടുവരണമെന്നതാണ് സർക്കാരിന്റെ നയം. മദ്യനയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നിയമസഭാ സമ്മേളനത്തന് ശേഷം എക്സൈസ് വകുപ്പ് തുടങ്ങും. പുരോഗമനപരമായ നയത്തിനാവും രൂപം നൽകുക. വി.എം.സുധീരന്റെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സുധീരൻ സ്വന്തം അഭിപ്രായം പറഞ്ഞതിൽ എന്താണ് തെറ്രെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജവാൻ ഉത്പാദനം നിലച്ചത് ഗുരുതര വീഴ്ചയാണ്. യു.ഡി.എഫ് അധികാരത്തിലെത്തും മുമ്പ് 750 എം.എൽ ഉത്പാദനം നിലച്ചിരുന്നു. കുപ്പികളുടെയും ലേബലിന്റെയുമൊക്കെ ക്ഷാമം ഉണ്ടായിരുന്നു. എന്നാൽ എക്സൈസ് വകുപ്പിനെ ഇക്കാര്യം യഥാസമയം അറിയിച്ചിരുന്നില്ല. ഇത്തരം പ്രതിസന്ധികൾ ഭാവിയിൽ ഉണ്ടാവാതിരിക്കാനുള്ള നടപടി സ്വീകരിക്കും. റവന്യൂ നഷ്ടം കണക്കാക്കാനും ഉത്തരവാദികളായവരെ കണ്ടെത്താനും നികുതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |