
ടി.പിക്കും അമ്മയുണ്ടായിരുന്നു. കൊടി സുനിയുടെ അമ്മയുടെ വേദന കാണുംപോലെ സർക്കാരും സി.പി.എമ്മും ഒരിക്കലും ടി.പിയുടെ അമ്മയുടെ വേദന പരിഗണിച്ചില്ല. സുനിക്ക് പരോൾ അനുവദിച്ചത് സംശയാസ്പദമാണ്. മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ ഭരിക്കുന്നവർക്ക് വേണ്ടിയാണ്. ടി.പി.ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മനുഷ്യാവകാശങ്ങൾ ഉണ്ടായിരുന്നല്ലോ. സ്വാഭാവികമായി ഒരു അമ്മയ്ക്ക് മകനെ കാണാൻ അവകാശമുണ്ട്. മകന് അമ്മയെയും കാണാം. പക്ഷേ, ഒരു കൊടുംക്രിമിനലിന്റെ കാര്യത്തിൽ നിയമപരമായ കുറേ കാര്യങ്ങളുണ്ട്. എന്നാൽ, ടി.പി കേസ് പ്രതികൾക്ക് അതൊന്നും ബാധകമല്ല.
കൊടി സുനി നേരത്തെയും പരോളിലിറങ്ങിയിരുന്നു. ആ സമയത്ത് അമ്മയെ കാണാൻ വീട്ടിലുണ്ടായിരുന്നോ? പരോളിലിറങ്ങി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സുനി, അമ്മ വീട്ടിലുണ്ടെന്ന കാര്യം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടാകുമോ? അല്ലെങ്കിൽ അമ്മ എന്ന വികാരം ഉള്ള ആൾക്കാർ ക്രിമിനലാകുമോ. അമ്മയെ കാണാനാണ് സുനി ജയിലിൽ നിന്നിറങ്ങുന്നതെന്ന ഉറപ്പ് ജയിൽ ഡി.ജി.പിക്കുണ്ടോ? കൊടി സുനിക്ക് പരോൾ നൽകിയത് അസാധാരണ നടപടിയാണ്. അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും.
ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഏകദേശം 12 കേസുകളിൽ ഇയാൾ പ്രതിയാണ്. അങ്ങനെ ഒരാൾക്ക് പരോൾ അനുവദിച്ചത് എങ്ങനെയാണെന്ന് ജയിൽ വകുപ്പ് മറുപടി പറയണം. പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡി.ജി.പി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് മനസിലാകുന്നത്. സർക്കാർ എപ്പോഴും ടി.പി കേസ് പ്രതികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവരാണ്. ജയിലിൽ കഴിഞ്ഞതിനേക്കാൾ പ്രതികൾ പുറത്താണ് കഴിഞ്ഞിട്ടുള്ളത്. വിയ്യൂരിൽ നിന്ന് കൊടി സുനിയെ തവനൂരിലേക്ക് മാറ്റിയത് തന്നെ ജയിൽ വാർഡന്മാരെ ക്രൂരമായി മർദ്ദിച്ചതിനാണ്.
അധികാരപ്രമത്തതയും പണക്കൊഴുപ്പും കൊണ്ട് ഏത് വ്യവസ്ഥയും വിലയ്ക്ക് വാങ്ങാമെന്ന സി.പി.എം നേതൃത്വത്തിന്റെ വാഴ്ചയ്‌ക്കെതിരെ ജനങ്ങളുടെ തിരിച്ചടിയുണ്ടാകും. ജയിലുകളിൽ സമാന്തര ഭരണം നടത്തുന്ന തടവുപുള്ളികൾക്ക് പ്രത്യേകിച്ച് ടി.പി കേസ് പ്രതികൾക്ക് മദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭിക്കുന്നതും മൊബൈൽ ഫോൺ പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് അടക്കമുള്ള മാഫിയാ ബിസിനസ് നടത്തുന്നുവെന്നുമുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. മനുഷ്യാന്തസിന്റെയും ആത്മാഭിമാനത്തിന്റെയും മാത്രമല്ല നീതിബോധത്തിന്റെയും ഇടനെഞ്ചിൽ ചവിട്ടിയരച്ചാണ് ജനപ്രതിനിധികൾ ഒത്താശക്കാരായി നിന്ന് കൊലക്കേസ് പ്രതികളടെ ക്ഷേമത്തിനായി നിലകൊള്ളുന്നത്.
2012ൽ ടി.പിയുടെ കൊലപാതകത്തിനുശേഷം 2014ൽ ശിക്ഷിച്ചതു മുതൽ പ്രതികൾക്കായി എല്ലാ സംരക്ഷണവും സി.പി.എമ്മും ഇടതു സർക്കാരും ചെയ്തു. കൊല ആസൂത്രണം ചെയ്യലും രാഷ്ട്രീയ എതിരാളികളെ അവസാനിപ്പിക്കുന്നതും നയമായി കാണുന്ന പാർട്ടിയിൽ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ. പെരിയ ഇരട്ടക്കൊലക്കേസിൽ പൊതുഖജനാവിൽ നിന്ന് പണം മുടക്കിയാണ് കൊലയാളികൾക്കായി വാദിച്ചത്. കൊലയാളികളോടാണ് പ്രതിബദ്ധത. കൊലപാതകത്തിന് പിന്നിലെ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുമോയെന്നാണ് പാർട്ടിയുടെ ഭയം. അധികാരം കൊണ്ടുള്ള അഹന്തയാണ് പാർട്ടിയുടെ മുഖമുദ്ര. ക്രിമിനലുകളെ സംരക്ഷിക്കില്ലെന്ന് പറയാനുളള ആർജവം ഈ സംവിധാനത്തിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ ജയിൽ ഡി.ജി.പിക്കുമാത്രം വഴിവിട്ട് പരോൾ അനുവദിക്കാനാകില്ല. അടുത്തിടെ ടി.പി കേസ് പ്രതികളെ ശിക്ഷായിളവിനുള്ള തടവുകാരുടെ ലിസ്റ്റിൽ തിരുകി കയറ്റാനുള്ള ശ്രമം നടന്നിരുന്നു. വിവരം ചോർന്നതിനെത്തുടർന്ന് ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് ലഭിക്കില്ലെന്നായതോടെ ആ പട്ടിക അപ്പാടെ ആഭ്യന്തരവകുപ്പ് മരവിപ്പിച്ചിരുന്നു. അതിൽ നിന്നുതന്നെ സർക്കാരിന്റെ താത്പര്യം ആരോടെന്ന് വ്യക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |