SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.30 PM IST

ബി ജെ പിയിലേക്ക് ചാടാൻ നിന്നവർക്ക് വഴിയില്ലാതായി; ദേശീയ തലത്തിൽ പോലും നടക്കാത്ത കാര്യം കേരളത്തിലെ കോൺഗ്രസിൽ നടന്നതിന് പിന്നിലെ കാരണം...

congress

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ ഇത് അഴിച്ചുപണികളുടെ കാലമാണ്. പ്രതിപക്ഷ നേതാവിനേയും കെ പി സി സി അദ്ധ്യക്ഷനേയും മാറ്റിയതു കൊണ്ട് അഴിച്ചുണികൾ അവസാനിക്കുന്നില്ല. ഡി സി സി അദ്ധ്യക്ഷന്മാരേയും ജംബോ കമ്മിറ്റികളേയും പോഷക സംഘടനകളേയുമെല്ലാം ഉടച്ചുവാർക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ഹൈക്കമാൻഡ്. കോൺഗ്രസ് തകർന്നടിയുന്ന രാജസ്ഥാനിലോ മറ്റ് സംസ്ഥാനങ്ങളിലോ ഒന്നും കാണിക്കാത്ത ധൈര്യമാണ് സോണിയയും ടീമും കേരളത്തിൽ കാണിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസുകാർ എപ്പോൾ ബി ജെ പിയിൽ പോകുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. ഒരു സമയത്ത് അദ്ധ്യക്ഷനും ഉപാദ്ധ്യക്ഷനും വരെ ആകുമെന്ന് പറഞ്ഞിരുന്ന സച്ചിൻ പൈലറ്റ് ഏതാണ്ട് പാർട്ടിയോട് ഉടക്കിനിൽക്കുകയാണ്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും കോൺഗ്രസുകാർ‌ ബി ജെ പിയിലേക്ക് ചാടുമെന്നതാണ് അവസ്ഥ. ഇവിടെയാണ് കേരളം പ്രസ‌ക്തമാകുന്നത്. സമ്പൂർണമായും ബി ജെ പി തോറ്റ് നിൽക്കുന്ന സംസ്ഥാനത്ത് കോൺഗ്രസുകാർക്ക് വേറെ ഓപ്‌ഷനില്ലയെന്നതാണ് യാഥാർത്ഥ്യം.

തിരഞ്ഞെടുപ്പ് സമയത്ത് ഉടക്കിയ പി സി ചാക്കോയും ലതിക സുഭാഷും സുരേഷ് ബാബുവുമെല്ലാം പോയത് എൻ സി പിയിലേക്കാണ്. കോൺഗ്രസ് വിട്ടുപോകുന്ന ഒരു നേതാവിന് അത്രവേഗം സി പി എമ്മിന്‍റെ പാർട്ടി ചട്ടക്കൂടിൽ ഒതുങ്ങാനാകില്ലയെന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസിനെക്കാൾ ദയനീയ തോൽവി ഏറ്റുവാങ്ങിയ ബി ജെ പി എന്നത് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു ഓപ്‌ഷനേയല്ല. അതുകൊണ്ട് തന്നെ ഹൈക്കമാൻഡിന് ധൈര്യമായി തങ്ങളുടെ തീരുമാനം നടപ്പിലാക്കാൻ പറ്റുന്ന ഏക സംസ്ഥാനമാണ് കേരളം.

സോണിയഗാന്ധി കോൺഗ്രസിന്‍റെ ഇടക്കാല അദ്ധ്യക്ഷയായിട്ട് വർഷം രണ്ട് തികയാൻ പോവുകയാണ്. ഇതുവരെ പുതിയൊരു അദ്ധ്യക്ഷനെ കണ്ടെത്താനോ പ്രവർത്തകസമിതി പുനസംഘടിപ്പിക്കാനോ കോൺഗ്രസിന് സാധിച്ചിട്ടില്ല. പ്രവർത്തക സമിതിയിൽ ഉണ്ടായിരുന്നവർ വരെ കൃത്യമായ ഇടവേളകളിൽ ബി ജെ പിയിലേക്ക് ചേക്കേറുകയാണ്. ആ കോൺഗ്രസാണ് ഒരു സംസ്ഥാനത്ത് ഇത്തരമൊരു പുനസംഘടന ശരവേഗത്തിൽ നടത്തുന്നത് എന്നതാണ് കൗതുകം.

തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കളിൽ പലരും ബി ജെ പിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പരസ്യ ചർച്ചകളിൽ പോലും നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിക്ക് ഈ ഗതിയുണ്ടാകുമെന്ന് ചാടാനിരുന്ന പലരും സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. എന്നാൽ, ജംബോ കമ്മിറ്റികൾ ഒറ്റയ‌ടിക്ക് പിരിച്ചുവിടുമ്പോൾ സ്ഥാനം നഷ്‌ടപ്പെടുന്ന കോൺഗ്രസ് നേതാക്കൾ എങ്ങോട്ട് പോകുമെന്ന് കണ്ടറിയേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC;, CONGRESS, DCC, CONGRESS WORKING COMMITTEE, SUDHAKARAN, V D SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA