SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.19 AM IST

വിശാല സംസ്ഥാന കമ്മിറ്റി:  കരട് റിപ്പോർട്ട് വെട്ടി വീഴ്ചകൾ ഉൾപ്പെടുത്തി

1

തിരുവനന്തപുരം: സെപ്തംബർ 13 മുതൽ 15 വരെ കോഴിക്കോട് നടക്കുന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ

സംസ്ഥാന നേതൃത്വത്തിന്റെ സംഘടനാപരമായ വീഴ്ചകളും പിണറായി സർക്കാരിന്റെ ഭരണപരമായ വീഴ്ചകളും ഉൾപ്പെടുത്താൻ തീരുമാനം.

ഇതുൾപ്പെടെ കരട് റിപ്പോർട്ട് സമഗ്രമായി പരിഷ്‌കരിക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

ഇത് കണക്കിലെടുത്താണ് പരിഷ്‌കരിക്കാൻ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലെ സ്വയം വിമർശനങ്ങളും കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലെ വിമർശനവും ഉൾപ്പെടുത്തും. വിമർശനം കടുത്തതോടെ സമഗ്രമായി തിരുത്താമെന്ന് സംസ്ഥാന നേതൃത്വം കമ്മിറ്റിയിൽ അറിയിക്കുകയായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യമായതിനാലാണ് കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് നേതൃത്വം വിശദീകരിച്ചത്. വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉൾക്കൊള്ളുന്നുവെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. മുമ്പ് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലും പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് സംസ്ഥാന നേതൃത്വം സമ്മതിച്ചിരുന്നില്ല.

സംസ്ഥാന കമ്മിറ്റി ഇതു തിരുത്തുകയായിരുന്നു. ഇതിന് സമാനമായ തിരുത്തലാണ് കരട് റിപ്പോർട്ടിലും സംസ്ഥാന കമ്മിറ്റി നടത്തിയത്.

പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനും എതിരായ ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി.ഗോവിന്ദൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്ന ഒറ്റവരിയിൽ അദ്ദേഹം വിശദീകരണം ഒതുക്കി. കമ്മിറ്റിയിൽ പങ്കെടുത്ത പിണറായി വിജയൻ ഇ.ഡി നടപടിയെപ്പറ്റി ഒന്നും പറഞ്ഞില്ല.


റിപ്പോർട്ട് അംഗീകരിച്ചത് ഏകകണ്ഠമായി:ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് കരട് റിപ്പോർട്ട് അംഗീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരഞ്ഞെടുപ്പ് വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ സംഘടനയാകെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വയം വിമർശനപരമായ ചർച്ചയാകും വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുക. പി.ബിയുടെ നിർദ്ദേശം കൂടി പരിഗണിച്ച് തെറ്റുതിരുത്തൽ ഫലപ്രാപ്തിയിൽ എത്തിക്കും. ജനങ്ങൾ നൽകിയ നിർദ്ദേശം കൂടി പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA