
തിരുവനന്തപുരം: പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനും എതിരായ ഇ.ഡി നീക്കം രാഷ്ട്രീയ ഉന്നം വച്ചുള്ള ബോധപൂർവമായ ഇടപെടലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു മൊഴിക്കപ്പുറം യാതൊരു രേഖയും ഇ.ഡിയുടെ കൈവശമില്ല. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നുവെന്ന് ദേശീയ തലത്തിൽ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്, ഈ കേസിൽ എന്ത് സമീപനം സ്വീകരിക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്.
എസ്.എഫ്.ഐ.ഒ റിപ്പോർട്ട് ഡൽഹി ഹൈക്കോടതി തള്ളുമെന്ന് മുൻകൂട്ടി കണ്ടാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടത്. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ, രാഷ്ട്രീയ പകപോക്കലിന് യു.ഡി.എഫ് സർക്കാർ തയ്യാറാകുമെന്ന നിഗമനത്തിലാണ് കോടതി തള്ളിക്കളഞ്ഞ കേസ് വീണ്ടും ഇ.ഡി ഉന്നയിക്കുന്നത്. ഇപ്പോൾ ഇ.ഡി ഉന്നയിക്കുന്ന വിഷയം നേരത്തെ തന്നെ ജുഡീഷ്യറിയുടെ പരിശോധനയ്ക്ക് വിധേയമായതാണ്. സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു. വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊന്നും ഒരു തെളിവും നൽകിയിട്ടുമില്ല.
വീണയുടെ കമ്പനിയായ എക്സാലോജിക്കിന് സി.എം.ആർ.എൽ പണം നൽകിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ സി.എം.ആർ.എല്ലിന് എന്തെങ്കിലും ചെയ്തു കൊടുത്ത് ലാഭം നേടിയിട്ടില്ല. അങ്ങനെ കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ കാണിക്കട്ടെ. സി.എം.ആർ.എൽ റെയിഡിന്റെ ഭാഗമായി 182 കോടി വിവിധയാളുകൾക്ക് നൽകിയെന്ന് തെളിയിക്കുന്ന ഡയറി ലഭിച്ചുവെന്നാണ് ഇ.ഡി വാദം. മറ്റുള്ളവരെയെല്ലാം മാറ്റിനിറുത്തി വീണയുടെ കാര്യം മാത്രമെടുത്ത് പ്രത്യേകമായ കേസ് കെട്ടിച്ചമച്ചതിന് പിന്നിൽ രാഷ്ട്രീയമാണ്. 182 കോടിയുടെ നഷ്ടത്തിന് കാരണക്കാരായ മറ്റുള്ളവർക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല. ഇതേ ഡയറിയിൽ പേരുള്ള ആഭ്യന്തരവകുപ്പ് മന്ത്രിയുടെ വകുപ്പിനാണ് ഇപ്പോൾ ഇ.ഡി കേസെടുക്കാൻ കത്ത് നൽകിയതെന്നത് വിരോധാഭാസമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |