
തിരുവനന്തപുരം: തെറ്റുതിരുത്തലിനായി ചേരുന്ന സി.പി.എം വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ ഇ.ഡിയുടെ കത്ത് പിണറായി വിരുദ്ധപക്ഷം ആയുധമാക്കിയേക്കും. തിരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ ചർച്ചയാക്കാതിരിക്കാൻ നേതൃത്വം പടുത്തുയർത്തിയ കോട്ടയാണ് ഇ.ഡിയുടെ കത്ത് തകർത്തുകളഞ്ഞത്. തെറ്റുതിരുത്തലിനായി ചേരുന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഇ.ഡിയുടെ കത്ത് ആർക്കെതിരെയെല്ലാം പിണറായി വിരുദ്ധ പക്ഷം ആയുധമാക്കുമെന്ന ആശങ്കയിലാണ് നേതൃത്വം. പിണറായിയുടെ ആജ്ഞാശക്തി കൊണ്ടൊന്നും തടുക്കാനാവില്ല. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ പിണറായി വിജയന്റെ നിലപാടുകൾ ഇനി പരസ്യമായിത്തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ യോഗത്തിലെ തെറ്റുതിരുത്തൽ ചർച്ചകൾ വഴിമാറും. ഇക്കാര്യത്തിൽ ഭിന്നസ്വരം ഉയരുന്നത് പിണറായി വിജയനെ കൂടുതൽ പ്രതിരോധത്തിലാക്കും.
ഇതുവരെ ഇ.ഡി വിഷയത്തിൽ പിണറായിക്ക് പിന്നിൽ പാർട്ടി ഒന്നാകെ ഉറച്ചുനിൽക്കുകയാണ്. വീണയ്ക്കെതിരായ ഇ.ഡി നീക്കം പിണറായി വിജയനെ ലക്ഷ്യം വച്ചാണെന്ന് തുടക്കം മുതൽ സി.പി.എം നിലപാടെടുത്തിരുന്നു. അതിൽ മാറ്റം വന്നാൽ ഇ.ഡിക്കെതിരെ പാർട്ടി ഉയർത്തുന്ന പ്രതിരോധം ദുർബലമാകും. പാർട്ടിയിലെ തിരുത്തലിനായി ഗൗരവമായ ചർച്ച നടക്കാനിരിക്കെ, ഇ.ഡിയുടെ നീക്കം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമെന്നാണ് പാർട്ടി വിലയിരുത്തൽ. പാർട്ടിയേയും നേതാക്കളേയും ഇകഴ്ത്തി കാട്ടാനും ആശയക്കുഴപ്പമുണ്ടാക്കാനുമാണ് ഇ.ഡി ഈ സമയത്ത് കത്തയച്ചതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഉച്ചയ്ക്ക് ശേഷം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തു. അതേസമയം കേസ് രജിസ്റ്റർ ചെയ്താൽ ബി.ജെ.പി-യു.ഡി.എഫ് ഡീൽ ആരോപണം ഉയർത്തി പ്രതിരോധിക്കും. തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് കേസ് എന്നതാകും പ്രചരണം.
പേടിച്ചുപോയെന്ന് കരുതേണ്ട: മുഹമ്മദ് റിയാസ്
തിരക്കഥ നന്നായി, ഇതിന്റെ രാഷ്ട്രീയ ഉദേശ്യം ഒക്കെ നേരത്തെ പറഞ്ഞതാണെന്ന് മുൻമന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജീവിക്കുന്ന മനുഷ്യന്റെ പച്ച ഇറച്ചി കടിച്ചു തിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെ. ഇ.ഡിയുടെ അന്വേഷണത്തിൽ ആരെങ്കിലും പേടിച്ചുപോയി എന്ന് കരുതേണ്ട. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെയോ റെയ്ഡുകളെയോ ഭയന്ന് ഒളിച്ചോടില്ല. ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരു തരത്തിലും ഭയപ്പെടാനില്ല. കേസ് എടുക്കണോ വേണ്ടയോ എന്ന് യു.ഡി.എഫ് സർക്കാരാണ് തീരുമാനിക്കേണ്ടത്. നിരപരാധിത്വം പൂർണമായും തെളിയിക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |