SignIn
Kerala Kaumudi Online
Friday, 31 July 2026 3.06 AM IST

സ്ഥാനാർത്ഥി വേറെ ആരെങ്കിലുമാണെങ്കിൽ അവർക്ക് വേണ്ടി, പക്ഷേ തൃശ്ശൂർ തന്നെയുണ്ടാകും; സുരേഷ് ഗോപി

READ ENGLISH VERSION
suresh-gopi

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി ഇനി താൻ അല്ലെങ്കിൽ പോലും പ്രചരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി. ഗുരുവായൂരിൽ പ്രസാദമൂട്ടിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പാർട്ടി അനൗൺസ് ചെയ‌്‌തതിന് ശേഷമേ അതിനെ കുറിച്ച് പറയുകയുള്ളൂ. അതിന് മുമ്പ് ഒന്നും ഞാൻ പറയില്ല. വേറെ ആരെങ്കിലുമാണെങ്കിൽ അവർക്ക് വേണ്ടി ഇറങ്ങും; പക്ഷേ തൃശ്ശൂർ തന്നെ ഉണ്ടാകും. പക്ഷേ തൃശ്ശൂർ എനിക്ക് തരും. ഭഗവാൻ തന്നിരിക്കും. തരണമെന്ന് ഭഗവാനും മാതാവും എല്ലാവരും തോന്നിപ്പിച്ചോളും. അങ്ങനെയാണ് എന്റെ വിശ്വാസം.'' - സുരേഷ് ഗോപിയുടെ വാക്കുകൾ. ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് ഭക്ഷണം വിളമ്പി നൽകിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽകാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പൂർത്തിയായിരുന്നു. കേരളത്തിലെ സ്ഥാനാർത്ഥികളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി എന്നിവർ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ അടങ്ങിയ ആദ്യ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയെന്നാണ് സൂചന. നൂറോളം പേരുടെ പട്ടിക ആദ്യം പുറത്തിറക്കുമെന്നാണ് വിവരം. ബി.ജെ.പി ഇതുവരെ ജയിച്ചിട്ടില്ലാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സീറ്റുകളും പട്ടികയിലുണ്ടാകും. കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), സുരേഷ് ഗോപി (തൃശൂർ), വി.മുരളീധരൻ (ആറ്റിങ്ങൽ) തുടങ്ങിയവർക്കാണ് സാദ്ധ്യത. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ എസ്.ജയശങ്കർ, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരും ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ട്.

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ സിറ്റിംഗ് സീറ്റായ ന്യൂഡൽഹിയിൽ ഡൽഹി ഘടകം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി, അന്തരിച്ച സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് തുടങ്ങിയവരുടെ പേരുകളുമുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പ്രധാനമന്ത്രി മോദി, അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ബി.എസ്. യെദിയൂരപ്പ, സർബാനന്ദ സോണോവാൾ, ഭൂപേന്ദ്ര യാദവ്, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന ഘടകം തയ്യാറാക്കിയ 16 മണ്ഡലങ്ങളിലെ സാദ്ധ്യത പട്ടികയുമായാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഡൽഹിയിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH GOPI, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA