കോട്ടയം: എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളിൽ തന്റെ പേര് എഴുതരുതെന്ന് അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ. ആർ ശങ്കർ മെമ്മോറിയൽ യു പി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചെറിയ തുകയുടെ വികസന പ്രവർത്തികൾ ചെയ്‌ത ശേഷം സ്വന്തം പേര് പരസ്യപ്പെടുത്തി ഫലകം സ്ഥാപിക്കുന്ന രീതിയെ സെബാസ്റ്റ്യൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌തു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എംഎൽഎയുടെ സ്വന്തം നേട്ടമായി ചിത്രീകരിക്കുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു കിണറിന് 5,000 രൂപ സബ്‌സിഡി നൽകിയിട്ട്, അല്ലെങ്കിൽ മുക്കാൽ ചങ്ങല നീളമുള്ള റോഡ് ടാർ ചെയ്‌തിട്ട് ചെണ്ട മേടിച്ച് കൊട്ടിക്കൊണ്ടുപോയി പേരെഴുതി വയ്‌ക്കുന്ന നാണംകെട്ട പണിക്ക് എന്നെ കിട്ടില്ല. എംഎൽഎ ഫണ്ട് അനുവദിക്കുമ്പോൾ തന്നെ ഞാൻ പറയാറുണ്ട്, ദയവ് ചെയ്‌ത് എന്റെ പേര് അതിൽ എഴുതിവയ്‌ക്കരുതെന്ന്.
സർക്കാരിന്റെയും ജനങ്ങളുടെയും പണമെടുതത് അത് എന്റെ ഫണ്ടാണെന്ന് പേരെഴുതി വയ്‌ക്കുന്നതിൽ എന്ത് കാര്യമാണുള്ളത്? ജനങ്ങൾ ജയിപ്പിച്ചുവിട്ടാൽ അത് നിർവഹിക്കുന്ന എന്നത് എന്റെ ഡ്യൂട്ടിയാണ്. ഭഗവദ്‌ഗീതയിൽ പറയുന്നതുപോലെ, കർമം ചെയ്യുക, ഫലം ഇച്ഛിക്കരുത് എന്നതാണ് എന്റെ നയം. ജനങ്ങൾ നൽകിയ ചുമതല കൃത്യമായും ഭംഗിയായും ചെയ്‌ത് തീർക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം' - സെബാസ്റ്റ്യൻ പറഞ്ഞു.
Poonjar MLA M. J. Sebastian has requested that his name not be displayed on development projects funded by MLA grants. Speaking at a school event, Sebastian strongly criticized the practice of MLAs publicizing their names for minor works, stating that projects funded by public tax money should not be presented as personal achievements. He emphasized his duty to serve without seeking credit.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |