
തിരുവനന്തപുരം: ഭരണത്തിലെത്തിയ ശേഷമുള്ള യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും. ബോർഡ്, കോർപ്പറേഷൻ പുനഃസംഘടനയാവും പ്രധാന ഇനമെങ്കിലും പല വിഷയങ്ങളിലും ഘടകകക്ഷികൾക്കുള്ള അതൃപ്തിയും വിയോജിപ്പും ചർച്ചയാവും.
ബോർഡ്, കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ സാരഥികളെയും ഭരണസമിതി അംഗങ്ങളെയും നിശ്ചയിക്കുന്നതിൽ എല്ലാ ഘടകകക്ഷികളുമായും ചർച്ച നടത്തി ഉടൻ ധാരണയിലെത്തുക പ്രയാസമാണ്.. എല്ലാ ഘടകകക്ഷികൾക്കും പ്രാതിനിധ്യമുള്ള സബ് കമ്മിറ്റി രൂപീകരിച്ച് ചുമതല ഏൽപ്പിക്കുകയോ, ഘടകകക്ഷികളുമായി യു.ഡി.എഫ് ചെയർമാനും കൺവീനറും ചർച്ച നടത്തുകയോ ചെയ്യും.. 150 നും 200 നുമിടയ്ക്കുള്ള സ്ഥാപനങ്ങളിലാണ് പുനഃസംഘടന നടക്കേണ്ടത്. കീഴ്വഴക്കങ്ങളനുസരിച്ചു തന്നെ പങ്കുവയ്ക്കൽ നടക്കണമെന്ന് നിർബ്ബന്ധമില്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞിട്ടുണ്ട്.
പി.എം ശ്രീ പദ്ധതി നടത്തിപ്പ്, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം, പുതിയ മദ്യ നയം, വഖഫ് ബോർഡ് തുടങ്ങിയ വിഷയങ്ങൾ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. പി.എം ശ്രീ പദ്ധതി വഴി സംസ്ഥാനത്തിന് കിട്ടേണ്ട കേന്ദ്ര സാമ്പത്തിക സഹായം നഷ്ടപ്പെടുത്തരുതെന്ന അഭിപ്രായം ഘടകകക്ഷികൾക്കുണ്ട്. എന്തെല്ലാം പാഠഭാഗങ്ങൾ പഠിപ്പിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാം.. സർക്കാർ ചില നിർണ്ണായക തീരുമാനങ്ങളെടുക്കുന്നത് യു.ഡി.എഫിൽ ചർച്ച ചെയ്യുന്നില്ലെന്ന വികാരവും പല കക്ഷികൾക്കുമുണ്ട്. ഈ വിഷയങ്ങളും വിശദമായ ചർച്ചയ്ക്ക് വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |