
മലപ്പുറം: പാർട്ടി മന്ത്രിമാർക്കും എം.എൽ.എമാർക്കും കടുത്ത നിരീക്ഷണവും പെർഫോമൻസ് ഓഡിറ്റിംഗും ഏർപ്പെടുത്താൻ മുസ്‌ലിം ലീഗ് നേതൃത്വം. മൂന്ന് മാസത്തിലൊരിക്കൽ അവരെ വിളിച്ചു വരുത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.
ഇതിനു മുന്നോടിയായി ഇന്നലെ വാഴയൂർ സാഫി കോളേജിൽ മന്ത്രിമാർക്കും എം.എൽ.എമാർക്കുമായി വിവിധ രംഗങ്ങളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി പരിശീലന ക്യാമ്പ്
നടത്തി. മുതിർന്ന നേതാക്കളുടെ യോഗം മന്ത്രിമാരുടെ നാലര മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രകടനത്തിൽ പിന്നാക്കം പോകുന്നവരുടെ കസേര തെറിക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുയിടങ്ങളിലും മാദ്ധ്യമങ്ങളോടും സംസാരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത, വാക്കുകളിലെ സൂക്ഷ്മത, സോഷ്യൽ മീഡിയയിലെ ഇടപെടൽ എന്നിവയിലും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
രണ്ടര വർഷത്തിനു ശേഷം പാറക്കൽ അബ്ദുള്ളയ്ക്ക് വേണ്ടി നിലവിലെ ഒരു മന്ത്രി മാറേണ്ടതുണ്ട്. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഒഴികെയുള്ളവരുടെ സ്ഥാനം സുരക്ഷിതമല്ലെന്നിരിക്കെ, ഓഡിറ്റിംഗിൽ പിന്നിൽ പോകുന്ന മന്ത്രിയാകും സ്ഥാനമൊഴിയേണ്ടി വരുക. ഒരാൾക്ക് ഒരു പദവി എന്നത് കർശനമായി നടപ്പിലാക്കുമെന്ന സൂചനയും ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ക്യാമ്പിൽ നൽകി. ഇതോടെ, മന്ത്രിമാരുടെ പാർട്ടി ചുമതലകൾ നഷ്ടപ്പെടും. കെ.എം.ഷാജിയുടെ വാഹന വിവാദം പാർട്ടിക്ക് വരുത്തിയ പരിക്ക് ഗൗരവത്തോടെ കണ്ട നേതൃത്വം, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ പൊതുവായി നിർദ്ദേശിച്ചു. ഷാജിയുടെ പേരെടുത്ത് വിമർശിച്ചില്ല.
നിയന്ത്രണം
പാർട്ടിക്ക്
മന്ത്രിമാർ പോഷക സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന യൂത്ത് ലീഗിന്റെ പരാതിയടക്കം പരിഗണിച്ച് എല്ലാവരെയും പാർട്ടിയുടെ ഏകോപനത്തിന് കീഴിൽ കൊണ്ടു വരും. മണ്ഡലങ്ങളിലെ വികസനം പഠിക്കാൻ പ്രത്യേക ഏജൻസികളെ ചുമതലപ്പെടുത്തും. പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ക്യാമ്പിൽ പൊതു നിലപാടുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |