
കൊച്ചി: എ.ഡി.എം നവീൻബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ നിലവിൽ തെളിവുകളില്ലെന്ന് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചു. ബന്ധുക്കൾ വരാൻ വൈകിയതിനാലാണ് ഇൻക്വസ്റ്റ് നിഷ്പക്ഷരായ അഞ്ചുപേരുടെ സാന്നിദ്ധ്യത്തിൽ നടത്തിയത്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത് കൊടേരി സത്യവാങ്മൂലം സമർപ്പിച്ചത്.
പി.പി.ദിവ്യ, കൈക്കൂലി പരാതിക്കാരൻ പ്രശാന്തൻ എന്നിവരുടെ ഫോൺകോൾ റെക്കാഡുകൾ പരിശോധിച്ചു. അന്വേഷണം വേഗം പൂർത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യമില്ല. പ്രത്യേക അന്വേഷണസംഘത്തിന് കണ്ണൂർ ഡി.ഐ.ജിയുടെ മേൽനോട്ടമുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ നോർത്ത് സോൺ ഐ.ജിയെ അന്വേഷണ പുരോഗതി അറിയിക്കുന്നുണ്ട്.
പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണമെന്നാണ് കണ്ടെത്തിയത്. കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് പ്രകടിപ്പിക്കുന്ന സംശയം അന്വേഷിക്കുകയാണ്. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ല.
കളക്ടറേറ്റ്, റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ എന്നിവിടങ്ങളിൽനിന്ന് നവീൻ പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഒക്ടോബർ 15ന് രാവിലെ 10.45നും 11.45നും ഇടയിലായിരുന്നു ഇൻക്വസ്റ്റ്. 15ന് രാത്രി പതിനൊന്നോടെയാണ് നവീൻബാബുവിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം സഹോദരൻ പ്രവീൺബാബുവിനാണ് മൃതദേഹം വിട്ടുനൽകിയത്.
വിരലടയാളമടക്കം ശേഖരിച്ചു. നവീന്റെ രണ്ട് ഫോണുകളിലെയും കോൾ വിവരങ്ങൾ പരിശോധിച്ചു. പ്രശാന്തന്റെ പ്രെട്രോൾപമ്പ് അപേക്ഷയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പിടിച്ചെടുത്തു. നവീൻബാബുവിന്റെ ക്വാർട്ടേഴ്സ് വ്യക്തമായി കാണുന്ന ദൃശ്യങ്ങൾ ശേഖരിക്കാനായിട്ടില്ല.
ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല
അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വേണം ഇൻക്വസ്റ്റ് എന്നത് നിർബന്ധമല്ല. മരണം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ നടത്തണമെന്ന സർക്കുലറുണ്ട്.
പത്തനംതിട്ടയിൽനിന്ന് 12 മണിക്കൂറോളം യാത്രയുള്ളതിനാൽ ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കാൻ സഹോദരൻ കളക്ടറേറ്റിലെ ഉദ്യോഗസ്ഥരോട് ഫോണിൽ നിർദ്ദേശിച്ചിരുന്നു
പി.പി.ദിവ്യയ്ക്ക് സി.പി.എമ്മുമായി ബന്ധമുള്ളതിനാൽ അന്വേഷണം ശരിയായി നടക്കില്ലെന്ന ആരോപണം തെറ്റാണ്
മൃതദേഹത്തിലും മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. ഫോണുകളിലും ഉണ്ടായിരുന്നില്ല
പ്രശാന്തനെ കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല
പി.പി. ദിവ്യ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിന് പിന്നാലെ പുന:സംഘടിപ്പിക്കപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികളിലൊന്നിൽ നവീൻ ബാബു കേസിൽ പ്രതിയായ മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഇടംപിടിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെ ആ സ്ഥാനം രാജിവച്ചിരുന്നു. പകരം ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്ന എൻ.വി.ശ്രീജനിയാകും ആ സ്ഥാനത്ത് എത്തുക. അതോടെ ഒഴിവുവന്ന ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ദിവ്യയെ ഉൾപ്പെടുത്തിയത്.
ഇതിനുള്ള അപേക്ഷ നൽകാൻ ഏറെ നാളുകൾക്കുശേഷം ദിവ്യ ഇന്നലെ ജില്ലാ പഞ്ചായത്തിൽ എത്തി. 11ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി അദ്ധ്യക്ഷൻ വൈസ് പ്രസിഡന്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |