
തിരുവനന്തപുരം: ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിക്കിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സമീപനത്തെ വിമർശിച്ച വനംമന്ത്രി ഷിബുബേബി ജോണിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ഇന്നലെ രാവിലെ അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ ഉണ്ടായ വാക്ക്തർക്കത്തിന്റെ തുടർച്ചയായിരുന്നു വൈകിട്ടത്തെ നാടകീയ രംഗങ്ങൾ. തന്നെക്കുറിച്ച് ഒരു സി.പി.എം നേതാവ് കടപ്പുറത്ത് കിടക്കുന്നവൻ, വിവരമില്ലാത്തവൻ എന്നെല്ലാം വാർത്താസമ്മേളനത്തിൽ പറഞ്ഞുവെന്നും അതിന്റെ ബാക്കിയാണ് രാവിലെ അടിയന്തിര പ്രമേയ നോട്ടീസ് അവതരണ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങളെന്നും ഷിബു ബേബിജോൺ പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ആരോ പറഞ്ഞു എന്നപേരിൽ സഭയിൽ എന്തും പറയാമോ എന്ന് കെ.എൻ.ബാലഗോപാൽ ചോദിച്ചു. നിയതമായ ശൈലിവിട്ട് സഭയിൽ പെരുമാറാൻ ചിലരെ പ്രത്യേകമായി പറഞ്ഞു വിടുകയാണോ എന്നും ഇതിൽ ആശങ്കയുണ്ടെന്നും അതുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി വിജയനും പറഞ്ഞു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. രാവിലെ മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ മറുപടി പറയുന്നതിനിടെ ഇടപെട്ട് മന്ത്രി ഷിബു ബേബിജോൺ പ്രതികരിച്ചിരുന്നു. ഫിഷറീസ് മന്ത്രി കഴിവുകെട്ടവൻ ആണെന്ന് വരുത്തിതീർക്കാൻ ആണോ വനംമന്ത്രിയുടെ പ്രതികരണം എന്നുപറഞ്ഞ് പിണറായി വിജയൻ ഇതിനെ ചോദ്യം ചെയ്തു. സഭയിൽ അത് ബഹളത്തിനിടയാക്കി. അതിന്റെ തുടർച്ചയായാണ് ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ ഷിബു ബേബിജോൺ പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |