
മലപ്പുറം: ശശി തരൂർ വിവാദം യു.ഡി.എഫിനെ ബാധിച്ചിട്ടില്ലെന്നും, വിഷയം കോൺഗ്രസ് തന്നെ പരിഹരിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂർ അദ്ദേഹത്തിന്റെ നിലപാട് വിശദീകരിച്ചു. കോൺഗ്രസ് അതിൽ തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്. മറ്റൊരു പാർട്ടിയിലെ വിഷയങ്ങളിൽ ലീഗ് ഇടപെടാറില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പോലെ മികച്ച വിജയം നേടാൻ യു.ഡി.എഫിനാവും.
വ്യവസായങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷത്തിന്റേത് നെഗറ്റീവ് സമീപനമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പിന് ഒരുക്കവുമായി ലീഗ്
തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം രൂപമേകി. ശാഖാതലം മുതൽ മേൽഘടകങ്ങൾ വരെ സംഘടന പ്രവർത്തനം ചടുലമാക്കും. പാർട്ടിയുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തന പദ്ധതികളിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പ്രധാന അജൻഡയാക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാനും
തീരുമാനിച്ചു..വഖഫ് ഭേദഗതി ബില്ലിനെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ മാർച്ച് ഏഴിന് കോഴിക്കോട് മത, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ സംഘടനകളുടെ യോഗം വിളിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |