
തിരുവനന്തപുരം:സംസ്ഥാനത്ത് നികുതി വെട്ടിപ്പിന് പൂട്ടിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു.ബഡ്ജറ്റിന്റെ ഡിമാൻഡ് ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ പുറത്തു നിന്ന് സാധനങ്ങൾ കൊണ്ടുവന്ന് നികുതിയില്ലാതെ ഉപയോഗിക്കാൻ ഒരു തടസ്സവുമില്ല.ഇത് കണ്ടുപടിക്കാൻ ഒരു സംവിധാനവുമില്ല. സംസ്ഥാന ഖജനാവിന് കട്ടേണ്ട വരുമാനം ഇല്ലാതാകുന്നു. ഇവർ കൊണ്ടുവന്ന'കള്ളക്കച്ചവടം' നടത്തുമ്പോൾ,സർക്കാരിലേക്ക് നികുതി കൊടുക്കുന്ന ശരിയായ നികുതിദായകനാണ് ബുദ്ധിമുട്ടിലാവുന്നത്.
ലൈഫ് ഭവന പദ്ധതി പൂട്ടുമെന്നത് പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണമാണ്. അങ്ങനെയെങ്കിൽ അതിന് ബഡ്ജറ്റിൽ പണം വകയിരുത്തുമായിരുന്നില്ല.അതേസമയം ലൈഫ് പദ്ധതി വന്നപ്പോൾ മത്സ്യത്തൊഴിലാളികൾക്കും പട്ടികജാതി,വർഗ വിഭാഗത്തിലും വീടുകൾ കിട്ടാതായി അത് പരിഹരിക്കാൻ പ്രത്യേക നടപടിയെടുക്കുമെന്നാണ് ബഡ്ജറ്റിൽ വ്യക്തമാക്കിയത്.
മുൻസർക്കാർ പോകുന്നപോക്കിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കാനും കരിമണൽ ഖനന മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനും നടപടിയെടുത്തു. അതിന്റെ തെളിവുകൾ പുറത്തു വിടാൻ തയ്യാറാണ്. എന്നിട്ട് അതിന്റെ പാപഭാരം ഈ സർക്കാരിന് മേൽ കെട്ടി വയ്ക്കാനാണ് ശ്രമിക്കുന്നത്.കേരളത്തിന്റെ പൊതുതാൽപര്യത്തിനെതിരായി ഈ സർക്കാർ ഒന്നും ചെയ്യില്ല.ഏത് തീരുമാനവും തെറ്റാണ് പറഞ്ഞാൽ പരിശോധിക്കും,തിരുത്തും.അതിനെ യുടേൺ എന്ന് വിളിച്ച് ആക്ഷേപിക്കാം.അതിൽ വിരോധമില്ല.അടുത്ത മൂന്ന് മാസത്തിനുള്ളിൽ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് കിട്ടിത്തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |