
മനസിൽ ഒരു വിങ്ങൽ അവസാനിപ്പിച്ച് കടന്നുപോയ മലയാള ചിത്രങ്ങളിൽ ആദ്യം മനസിലേക്കെത്തുന്ന ഒന്നാണ് പത്മരാജന്റെ 'ഞാൻ ഗന്ധർവ്വൻ'. ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായിട്ടും ദേവലോകത്തുള്ളവരുടെ കണ്ണുവെട്ടിച്ച്, മനുഷ്യനാകാൻ മോഹിച്ച് ഭാമയ്‌ക്കരികിലെത്തിയ ഗന്ധർവ്വൻ ഒടുവിൽ ഒരിക്കലും തിരിച്ചുവരാനാകാതെ മടങ്ങുമ്പോൾ അവരൊന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അത്തരം ആഗ്രഹങ്ങളെ സഫലമാക്കുന്ന ഒരു എഐ വിഡിയോയായാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
'നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്‌ദമെന്തിനെന്ന്' ഭാമയോട് ചോദിച്ച ഗന്ധർവ്വൻ വർഷങ്ങൾക്ക് ശേഷം അവളെത്തേടി വീണ്ടും എത്തുകയാണ്. ഒരുതരത്തിൽ ഇരുവരുടെയും വേർപിരിയൽ ചിത്രത്തിനെ കാലാതീതമാക്കുന്നുണ്ടെങ്കിലും മുപ്പത്തിയഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഇരുവരുടെയും പുനർസമാഗമം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.
'എന്നെങ്കിലും ദേവൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഭാമ കാത്തിരുന്നു. വർഷങ്ങൾക്ക് ശേഷം. ഗന്ധർവ്വൻ വീണ്ടും എത്തി ഒരു സാധാരണ മനുഷ്യനായി ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാൻ' എന്ന കാപ്‌ഷനോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സിനിമ കണ്ട നാൾ മുതൽ കാണാൻ കൊതിച്ച ക്ലൈമാക്‌സ് എന്നാണ് പലരും കമന്റ് ചെയ്‌തിരിക്കുന്നത്.
ഭൂമിയിലെ കന്യകയെ സ്‌നേഹിക്കാനായി മനുഷ്യനായി രൂപം മാറിയ ഗന്ധർവന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും പിന്നീടിങ്ങോട്ട് പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് ഞാൻ ഗന്ധർവ്വൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |