SignIn
Kerala Kaumudi Online
Monday, 05 October 2026 2.52 PM IST

ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചത് മാസങ്ങൾക്ക് മുൻപ്, ഇന്ന് ഇരുട്ടിൽ വിഷസർപ്പങ്ങളെ പേടിച്ച് നാട്ടുകാരും വിനോദസഞ്ചാരികളും

tourist-spot-
ബേപ്പൂർ മറീന ബീച്ചിലെ അവസ്ഥ

ബേപ്പൂർ: ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിലൂടെ ലോക വിനോദസഞ്ചാരികളുടെ ശ്രദ്ധ നേടിയ ബേപ്പൂർ മറീന ബീച്ചിലെ കടൽപ്പാത (പുലിമൂട്ട്) ഇരുട്ടിലായതോടെ സഞ്ചാരികൾ ആശങ്കയിൽ. ഒരുകിലോമീറ്ററോളം നീളമുള്ള കടൽപ്പാതയിൽ സ്ഥാപിച്ച അലങ്കാരദീപങ്ങൾ രണ്ടാഴ്ചയായി പൂർണമായും പ്രവർത്തനരഹിതമാണ്. സന്ധ്യ കഴിഞ്ഞാൽ കടൽപ്പാതയിലേക്ക് പോകാതെ സഞ്ചാരികൾ മടങ്ങുന്നത് പതിവായതോടെ ബീച്ചിലെ കച്ചവടക്കാരും പ്രതിസന്ധിയിലായി.


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബീച്ച് നവീകരണത്തിന്റെ ഭാഗമായി ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച 60ഓളം അലങ്കാരദീപങ്ങളാണ് ഇപ്പോൾ തെളിയാത്തത്. ഇവയിൽ പലതും നശിച്ച നിലയിലാണെന്നും നാട്ടുകാർ പറയുന്നു. ദീപങ്ങളിലേക്കുള്ള വൈദ്യുതി വിതരണ കേബിളുകളും വിഛേദിക്കപ്പെട്ട നിലയിലാണ്.


കടൽപ്പാത പൂർണമായും ഇരുട്ടിലായതോടെ കരിങ്കൽഭിത്തികൾക്കിടയിലൂടെ വിഷസർപ്പങ്ങൾ എത്താനുള്ള സാധ്യതയും സഞ്ചാരികളിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ലഹരി സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. സുരക്ഷാ ജീവനക്കാർ പോലും രാത്രിയിൽ ഈ ഭാഗത്തേക്ക് പോകാൻ മടിക്കുന്ന സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.


ബീച്ചിലെ ശൗചാലയത്തിന്റെ സ്ഥിതിയും പരിതാപകരമാണ്. വെള്ളം ലഭിക്കാത്തതിനാൽ സഞ്ചാരികൾ സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഇതും ബീച്ചിലെത്തുന്നവരെ നിരാശരാക്കുന്നു. വെളിച്ചമില്ലാത്തതിനാൽ നിരവധി സഞ്ചാരികൾ നേരത്തെ മടങ്ങുന്നത് ബീച്ചിലെ തട്ടുകടക്കാരുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. പാർക്കിങ് സൗകര്യത്തിന്റെ അപര്യാപ്തത മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്.


ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന്റെ പ്രധാന വേദികളിലൊന്നായ മറീന ബീച്ചിന്റെ അടിസ്ഥാന സൗകര്യങ്ങൾ യഥാസമയം പരിപാലിക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് പരിസരവാസികളുടെ ആരോപണം.

അലങ്കാരദീപങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനൊപ്പം ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും സ്ഥിരമായ പരിപാലന സംവിധാനം ഏർപ്പെടുത്താനും അധികൃതർ നടപടി സ്വീകരിക്കണം
സാജേഷ് കാദംബരി
പൊതുപ്രവർത്തകൻ

English Summary

Around 60 decorative lights installed at the beach under the District Tourism Promotion Council (DTPC) as part of a previous government’s renovation project are no longer functioning. Locals say many of the lights have been damaged, while the power supply cables leading to them have also been disconnected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEYPORE, MARINA BEACH, DEVOLOPMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA