SignIn
Kerala Kaumudi Online
Sunday, 21 June 2026 10.04 PM IST

ഭൂമി വില്‍പ്പന നടക്കുമ്പോഴും വീട് നിര്‍മാണം അതികഠിനം; റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങള്‍ ബാധിക്കുന്നത് ആരെയൊക്കെ

real-estate

തിരുവനന്തപുരം: കേരളത്തിലെ നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. പശ്ചിമേഷ്യയിലെ യുദ്ധം അതിന്റെ ആക്കം കൂട്ടിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. നിര്‍മാണ മേഖലയിലെ പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പാടുപെടുന്ന ഇടത്തരക്കാരെയും പാവപ്പെട്ടവരേയുമാണ്. എന്നാല്‍ പ്രതിസന്ധി ഇവരില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. വന്‍കിട പദ്ധതികളുടെ നടത്തിപ്പുകാരും കോണ്‍ട്രാക്ടര്‍മാരും ബില്‍ഡര്‍മാരും പ്രതിസന്ധി നേരിടുന്നു.

ഭൂമി വില്‍പ്പനയും ഭവന നിര്‍മാണവും

കേരളത്തില്‍ ഭൂമി വില്‍പ്പന തരക്കേടില്ലാതെ നടക്കുന്നുണ്ട്. വീട് നിര്‍മിക്കാനെന്ന നിലയിലും അതുപോലെ തന്നെ ഭവി നിക്ഷേപമെന്ന നിലയിലും ഭൂമി വില്‍പ്പന നടക്കുന്നുണ്ട്. എന്നാല്‍ ഭവന നിര്‍മാണത്തിന് ചെലവ് കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. ഭവന നിര്‍മാണത്തിന് ആവശ്യമായ ഇലക്ട്രിക്കല്‍, പ്ലംബിംഗ് സാമഗിരികളുടെ വില 20 ശതമാനം മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. സിമന്റ്, കമ്പി തുടങ്ങിയവയും വിലയുടെ കാര്യത്തില്‍ മുകളിലേക്കാണ്.

ബില്‍ഡര്‍മാരേയും കാര്യമായി തന്നെ വില വര്‍ദ്ധനവ് ബാധിച്ചിട്ടുണ്ട്. കരാറിലേര്‍പ്പെടുമ്പോള്‍ സ്‌ക്വയര്‍ഫീറ്റിന് നിശ്ചയിച്ച നിരക്കില്‍ പണി തീര്‍ത്ത് കസ്റ്റമര്‍ക്ക് താക്കോല്‍ കൈമാറുകയെന്നാല്‍ വലിയ നഷ്ടം സഹിക്കുകയെന്നുകൂടിയാണെന്നാണ് ബില്‍ഡര്‍മാര്‍ പറയുന്നത്. അതുപോലെ തന്നെ തൊഴിലാളികളുടെ കൂലിയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു പങ്കും കേരളത്തിലേക്ക് മടങ്ങാത്തത് നാട്ടിലെ പണിക്കാര്‍ കൂലി വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. മടങ്ങിയെത്തിയ ഭായിമാരും കൂലി കൂട്ടി.

പുതിയതായി വീട് നിര്‍മാണത്തിന് കരാര്‍ ഒപ്പിടുമ്പോള്‍ കൃത്യമായ നിരക്ക് നിശ്ചയിക്കാന്‍ കഴിയുന്നില്ല എന്നതും ബിള്‍ഡര്‍മാരെ ബാധിച്ച പ്രശ്‌നമാണ്. നിര്‍മാണ മേഖലയിലേക്ക് അവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ മുന്‍കൂട്ടി ബുക്കിംഗ് നിര്‍ത്തിയതും തിരിച്ചടിയാണ്. പല ബ്രാന്‍ഡുകളും ബ്രോഷര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചിട്ടുണ്ട്. വിലയില്‍ നിരന്തരം വരുന്ന വര്‍ദ്ധനവാണ് ഇതിന് കാരണം.

പ്രതിസന്ധി അവസാനിച്ച് സാധാരണ നിലയിലേക്ക് വന്നാലും വര്‍ദ്ധിച്ച വിലയില്‍ കാര്യമായ കുറവ് സംഭവിക്കില്ല. അതുകൊണ്ട് തന്നെ ഭവന നിര്‍മാണത്തിന് ഉള്‍പ്പെടെയുള്ളവയുടെ ചിലവ് ഇപ്പോഴത്തെ നിരക്കില്‍ നിന്ന് കുറഞ്ഞത് 20 ശതമാനമെങ്കിലും ഉയര്‍ന്ന് തന്നെ നില്‍ക്കാനാണ് സാദ്ധ്യതയെന്നും ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REAL ESTATE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA