SignIn
Kerala Kaumudi Online
Saturday, 15 August 2026 2.26 AM IST

കളിമണ്ണിൽ ആംപ്ളിഫയറും, 'മണ്ണിന്റെ മണ'മുള്ള പാട്ടുകേൾക്കാം

padam
ശിവപ്രകാശ് ടെറാക്കോട്ട മൊബൈൽ ആംപ്ലിഫയറുമായി

കൊച്ചി: ആംപ്ളിഫയറുണ്ടാക്കാൻ മറ്റ് ലോഹങ്ങളൊന്നും വേണ്ട, കളിമണ്ണു മതി ശിവപ്രകാശിന്. തിമിംഗിലം, മത്സ്യം, വീണ തുടങ്ങിയ രൂപങ്ങളിൽ നിർമ്മിച്ച ആംപ്ളിഫയറിന് പ്രത്യേക അറയുണ്ട്. പാട്ട് പ്ലേ ചെയ്ത മൊബൈൽ അതിൽ ഇറക്കിവച്ചാൽ മതി. ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കാം. കറന്റ് ചെലവുമില്ല.

ടെറാക്കോട്ട മൊബൈൽ ആംപ്ലിഫയർ വികസിപ്പിച്ചപ്പോൾ നിലമ്പൂർ അരുവാക്കോട് സ്വദേശി കെ. ശിവപ്രകാശ് (28) കരുതിയില്ല, ഇത് ലോകമാകെ പാട്ടായി ജീവിതം മാറിമറിയുമെന്ന്. നിർമ്മിച്ചവയെല്ലാം ചൂടപ്പംപോലെ വിറ്റു. കൈനിറയെ പണമെത്തി. ഓർഡറുകളുടെ പെരുമഴയിൽ തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജിലെ മാസ്റ്റർ ക്രാഫ്റ്റ്‌സ്‌മാന് നിന്നുതിരിയാൻ സമയമില്ല.

പരമ്പരാഗത കളിമൺശില്പനിർമ്മാണ കുടുംബമാണ് ശിവപ്രകാശിന്റേത്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പഠനത്തിനുശേഷം ജ്യേഷ്ഠൻ ശിവദാസന്റെ വഴിയിലെത്തി. കോഴിക്കോട് സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ പഠനത്തിനു ശേഷം വൈക്കം വടയാറിലെ ക്രാഫ്റ്റ് വില്ലേജിൽ മാസ്റ്റർ ക്രാഫ്റ്റ്‌സ്‌മാനായി. ഇതിനിടെ, ഗ്രാമഫോണിന്റെ കോളാമ്പി മാതൃകയിൽ മൊബൈൽ ഫോണുകൾക്കായുള്ള ആംപ്ലിഫയർ വികസിപ്പിച്ചു.

ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെട്ടതോടെ ആവശ്യക്കാരേറി.

ക്രാഫ്റ്റ് വില്ലേജിലെ സഹപ്രവർത്തകരായ ഷിനു പ്രസാദ്, വി. ദീപ എന്നിവരുമായി ചേർന്നായിരുന്നു നിർമ്മാണം. കളിമണ്ണ് നൽകുന്ന ക്രാഫ്റ്റ് വില്ലേജ് വഴിയാണ് വില്പന. വില്ലേജ് സി.ഒ.ഒ. ശിവപ്രസാദടക്കമുള്ളവരുടെ പിന്തുണയുണ്ട്.

നിലമ്പൂരിലെ വീട്ടിലും പിതാവ് ചാമിയും അമ്മ മുത്തുവും ആംപ്ലിഫയർ നിർമ്മിക്കുന്നു.

520 മുതൽ 25,000 രൂപ വരെ


ചെറിയ ആംപ്ലിഫയർ നിർമ്മിക്കാൻ ചുരുങ്ങിയത് രണ്ടു മണിക്കൂർ വേണം. ഇരുനൂറിലധികം പല രൂപത്തിലുള്ളവ നിർമ്മിച്ച ശേഷമാണ് ചൂളയിൽ ചുട്ടെടുക്കുന്നത്. തുടർന്നാണ് ചിത്രപ്പണികൾ. 520 രൂപ മുതൽ 25,000 രൂപ വരെയുള്ള ആംപ്ലിഫയറുകൾക്ക് ആവശ്യക്കാരുണ്ട്. ചെണ്ട കലാകാരൻ കൂടിയാണ് ശിവപ്രകാശ്.

അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ആവശ്യക്കാരുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് നിർമ്മാണത്തെ ബാധിക്കുന്നുണ്ട്.


കെ.ശിവപ്രകാശ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TERACOTTA AMPLIFIER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA