
തൃശൂർ: "വികസനവും അധികാരവും ജനപങ്കാളിത്തത്തോടെ" എന്ന ആശയവുമായി കൊണ്ടുവന്ന ഗ്രാമസഭകൾ പുതുതലമുറ കൂടി മുഖം തിരിച്ചതോടെ ആളില്ലാ സഭകളാകുന്നു. കഴിഞ്ഞ ഡിസംബറിൽ പുതിയ തദ്ദേശ സ്ഥാപന ഭരണസമിതി നിലവിൽ വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ ഗ്രാമസഭകളിലും ഡിവിഷൻ ഗ്രാമസഭകളിലും ക്വാറം പോലും തികയ്ക്കാനാകുന്നില്ല. ഓരോ വാർഡിന്റെയും വികസന സ്വപ്നം അടിത്തട്ടിൽ ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കി നടപ്പിലാക്കുക എന്നതായിരുന്നു സഭകളുടെ ലക്ഷ്യം. ആളില്ലാത്തതിനാൽ പലയിടത്തും ക്വാറം തികയ്ക്കാനാവശ്യമായ എണ്ണം പേരെഴുതി ചേർക്കും. പങ്കെടുക്കുന്നവരിലോ, പത്ത് ശതമാനം പോലും യുവജനങ്ങളുമില്ല. 50 വയസിന് മുകളിലുള്ളവരാണ് പങ്കെടുക്കുന്നവരിലേറെയും. അതിൽ 80 ശതമാനവും സ്ത്രീകളാണ്.
യുവാക്കളെ പ്രചോദിപ്പിക്കുന്നതോ, ആവേശം കൊള്ളിക്കുന്നതോ ആയ വിഷയങ്ങളൊന്നും ഗ്രാമസഭകളിൽ നടക്കാത്തതാണ് പുതുതലമുറ അകലാൻ കാരണം. പൊതുരംഗത്ത് സജീവമായ പുരുഷന്മാർ പോലും ഇപ്പോഴെത്തുന്നില്ല. ഗ്രാമസഭകൾ ആരംഭിച്ച കാലഘട്ടത്തിലെ ചട്ടങ്ങൾ പ്രകാരമാണ് ചർച്ചാ വിഷയം തിരഞ്ഞെടുക്കുന്നത്. ഓരോ വാർഡിലും ശരാശരി ആയിരം വോട്ടർമാരെങ്കിലും ഉണ്ടാകുമെന്നാണ് കണക്ക്. മൊത്തം വോട്ടർമാരുടെ പത്ത് ശതമാനമെങ്കിലും ഉണ്ടെങ്കിലാണ് ക്വാറം തികയുക. തികഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നതാണ് ചട്ടം. തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്ന പ്ളാൻ ഫണ്ടും മറ്റും വെട്ടിക്കുറച്ചതും ആളുകളുടെ വിമുഖതയ്ക്ക് കാരണമാകുന്നുണ്ടെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു.
വർഷത്തിൽ കുറഞ്ഞത് നാല്
ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും അതത് വാർഡിന്റെ ഗ്രാമസഭകളിലെ അംഗം.
വർഷത്തിൽ നാല്, 10 ശതമാനത്തിലധികം ആവശ്യപ്പെട്ടാൽ ഒരു പ്രത്യേക ഗ്രാമസഭ.
പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷൻ, മെമ്പർ കൺവീനർ.
ക്വാറം തികയാതെ മാറ്റിവച്ച് പിന്നീട് ചേരുന്ന യോഗത്തിന്റെ ക്വാറം 50.
ഗ്രാമസഭകളിൽ യുവാക്കളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നില്ല. പുതിയ കാലഘട്ടത്തിന് അനുസരിച്ച് ഗ്രാമസഭയിലും മാറ്റം വേണം. അതുകൊണ്ട് ഗ്രാമസഭകളുമായി ബന്ധപ്പെടുത്തി യുവജനസഭ ആരംഭിക്കുന്നതിനെ കുറിച്ച് പഞ്ചായത്ത് അംഗങ്ങളുടെ അസോസിയേഷൻ ചിന്തിക്കുന്നുണ്ട്.
അനിൽ അക്കര
പ്രസിഡന്റ്
പഞ്ചായത്ത് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |