SignIn
Kerala Kaumudi Online
Saturday, 15 August 2026 1.55 AM IST

ഡോ. രശ്മി ഇന്ന് രാഷ്ട്രപതി ഭവനിൽ: അകക്കണ്ണിന്റെ  വെളിച്ചത്തിൽ ഭിന്നശേഷിക്കാർക്ക് തുണയായി

READ ENGLISH VERSION
dr-reshmi

ന്യൂഡൽഹി: തിരിച്ചു കിട്ടാത്തവിധം കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോൾ സ്വന്തം മകളുടെ മുഖം പോലും കാണാനായില്ല. പക്ഷേ, ഭിന്നശേഷിക്കാരുടെ വേദനകൾ ഉൾക്കണ്ണാൽ കണ്ടറിഞ്ഞു. അവരുടെ ജീവിതത്തിൽ വെളിച്ചമായ മലയാളി ഡോ.രശ‌്മി പ്രമോദ് ഇന്ന് രാഷ്ട്രപതിഭവനിൽ അതിഥിയായെത്തും.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ആതിഥേയത്വം വഹിക്കുന്ന പ്രത്യേക ചടങ്ങിൽ ഭിന്നശേഷിയുടെ വെല്ലുവിളികൾ അതിജീവിച്ച് ജീവിതനേട്ടങ്ങൾ കൊയ്‌ത അഞ്ച് വിശിഷ്‌ട വ്യക്തികളിലൊരാളായാണ് ഡോ.രശ്മി എത്തുന്നത്.

ആയുർവേദ ഡോക്‌ടറായി പ്രാക്‌ടീസ് ചെയ്യുമ്പോഴാണ് 2004ൽ മാക്യുലർ ഡീജനറേഷൻ എന്ന രോഗം വന്ന് കാഴ‌്ചശക്തി പൂർണമായി നഷ്‌ടമായത്.

കണ്ണിന്റെ റെറ്റിനയുടെ മധ്യഭാഗത്ത് കാഴ്‌ചകൾക്ക് വ്യക്തത നൽകുന്ന മാക്യുലയെ ബാധിക്കുന്ന ഗുരുതര രോഗം പിടിപെടുമ്പോൾ പ്രായം 27 വയസ്.

ഇരുളിലായ ജീവിതം തിരിച്ചു പിടിച്ചത് എറണാകുളം തമ്മനത്ത് 'ജീവനീയം' ആശുപത്രി സ്ഥാപിച്ചുകൊണ്ടാണ്.

ഓട്ടിസം അടക്കം ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആയുർവേദത്തിലെ അറിവുകൾ സമന്വയിപ്പിച്ച് വിദഗ്ദ്ധ ചികിത്സയും പരിചരണവും പുനരധിവാസവും ഡോ.രശ്മി ഉറപ്പാക്കി. 2010ൽ തുടങ്ങിയ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറാണ് രശ്മി.

രാഷ്‌ട്രപതിഭവൻ

മനസിലെ ചിത്രം

# ചെറുപ്പത്തിൽ പുസ്‌തകങ്ങളിലൂടെയും ദൂരദർശനിലൂടെയും കണ്ടറിഞ്ഞ ചിത്രം മാത്രമാണ് മനസിലുളള രാഷ്‌ട്രപതി ഭവൻ. അതിഥികളായെത്തുന്ന അമർ ഹുസൈൻ (ജമ്മുകാശ്‌മീർ), കാമാഖ്യാ പ്രസാദ് ദാസ് (ഒഡീഷ), പൂനം ശ്രുതി (മധ്യപ്രദേശ്), സുപ്രിയ സുധ (അസാം) എന്നിവരും ഡോ. രശ്‌മിയെപ്പോലെ ഭിന്നശേഷിയുള്ളവരും നേട്ടങ്ങൾ കൈവരിച്ചവരുമാണ്.

# കോഴിക്കോട് കൊയിലാണ്ടി അശ്വനി ആശുപത്രി ഉടമ ഡോ. എം. ഭാസ്‌കരന്റെയും തങ്കത്തിന്റെയും മകളാണ് ഡോ.രശ്മി. അച്ഛനും അമ്മയും ഭർത്താവ് അഡ്വ.ടി.പി പ്രമോദും കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ മകൾ ദിയയും വൈകിട്ട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA