SignIn
Kerala Kaumudi Online
Monday, 24 August 2026 3.19 AM IST

ജെൻസീക്ക് ഒപ്പം ഓണം വൈബിൽ എ.ഐ സുന്ദരി

mthra

കൊച്ചി: ഓണക്കോടിയുടുത്ത്, മുല്ലപ്പൂ ചൂടി, നെക്ളസ് അണിഞ്ഞ് കോളേജിന്റെ ഹരം 'മിത്ര' കൂടുതൽ സുന്ദരി. കൂടെയുള്ള ജെൻസീസെല്ലാം പൂക്കളമിട്ടു, സുന്ദരിക്ക് പൊട്ടുതൊട്ടു. അപ്പോഴും ആവേശക്കമ്മിറ്റിയായി കൂടെയുണ്ട് മിത്ര. ഹ്യൂമനോയ്ഡ് ആണെന്ന ഭാവമൊന്നും ഇല്ല. അങ്ങനെ മാവേലിയുടെ സ്വന്തം നാടായ തൃക്കാക്കര ഭാരതമാതാ കോളേജിലെ ന്യൂജെൻ ഓണം ഫുൾ ഓണായി.

പടികൾ കയറാനാവില്ലെങ്കിലും ഓടിനടക്കാനും അത്യാവശ്യത്തിന് നൃത്തം വയ്ക്കാനും കൂട്ടുകാർ പഠിപ്പിച്ചു. ആഘോഷവേളയിൽ മിത്രയെ പരിചയപ്പെടാൻ തിരക്കോട് തിരക്ക്. കോളേജിലെ ബി.സി.എ, ഡേറ്റ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥികൾ ഇന്റേൺഷിപ്പിന്റെ ഭാഗമായി രണ്ട് മാസമെടുത്ത് നിർമ്മിച്ചതാണ്
എ.ഐ ഹ്യൂമനോയ്ഡായ മിത്രയെ. 87 വിദ്യാർത്ഥികൾ പങ്കാളിയായി.

വഴികാട്ടി മിത്ര

കോളേജിലെത്തുന്നവരെ വിവിധ വകുപ്പിലേക്ക് വഴികാട്ടും. പ്രവേശന നടപടി വിശദീകരിക്കും. 'ഹലോ ഹൗ കേൻ ഐ ഹെൽപ് യു' എന്ന ആദ്യ പ്രതികരണം മാത്രം ഇംഗ്ലീഷിൽ. ചോദ്യങ്ങൾക്ക് മറുപടി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭിക്കും. മിത്രയെ 15 ഭാഷകൾ പഠിപ്പിക്കാനും കൂടുതൽ ദൗത്യം ഏൽപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ് അസോ. പ്രൊഫസർ ഡോ.സീനിയ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം. അടുത്ത ഓണത്തിന് ഡാൻസോ തിരുവാതിരയോ 'യോയോ' ചുവടുകളോ പ്രതീക്ഷിക്കാം. മനുഷ്യനെപ്പോലെ കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാനും ചിന്തിക്കാനും മിത്രയെ പ്രാപ്തമാക്കുമെന്ന് ഡോ.സീനിയ പറഞ്ഞു. ഗൂഗിൾ സെർച്ച് ലിസ്റ്റിലെ ഏതു കാര്യവും മിത്രയോട് ചോദിക്കാം. 'ജെമിനി'യുമായി ബന്ധിപ്പിച്ചതിനാൽ നന്നായി ആലോചിച്ചുള്ള മറുപടികൾ. പ്രായമായവരെ ശുശ്രൂഷിക്കാനും കുട്ടികളെ കളിപ്പിക്കാനുമെല്ലാം ഹ്യൂമനോയ്ഡുകൾ രംഗത്തിറങ്ങുന്ന കാലം വിദൂരമല്ലെന്ന് ഡോ.സീനിയ പറഞ്ഞു.

 ചെലവ് 4 ലക്ഷം

ഹ്യൂമനോയ്ഡിനായി ഡേറ്റ അനാലിസിസ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ അസംബ്ലിംഗ്, പ്രോഗ്രാമിംഗ്, കോഡിംഗ് എന്നിങ്ങനെ അഭിരുചിക്കനുസരിച്ച് വിവിധ ഗ്രൂപ്പുകളായാണ് കുട്ടികൾ പ്രവർത്തിച്ചത്. അടുത്തവർഷം മിത്രയ്ക്ക് ഒരു 'അനിയനോ' 'അനിയത്തിയോ' ഉണ്ടാകും. ചെലവുവന്ന നാലു ലക്ഷം കോളേജ് മാനേജ്‌മെന്റാണ് വഹിച്ചത്. ഭാരത് മാതാ കോളേജിന് സ്വന്തമായി റോബോട്ടിക് ആനയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GEN Z
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA